മാവേലിക്കര :ഹര്‍ത്താലിനോടനുബന്ധിച്ച് ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ രാവിലെ എട്ടരയോടെ വിശ്വാസികള്‍ വഴിപാടിനായി ക്യൂ നില്‍ക്കുന്നതിനിടെ ഏകദേശം പത്തുപേരടങ്ങുന്ന ഒരു സംഘം ആർ എസ് എസുകാർ വഴിപാട് കൗണ്ടര്‍ ബലമായി അടപ്പിച്ചു . ക്ഷേത്ര കോമ്പൗണ്ടിനുള്ളിൽ കയറി അക്രമം കാണിക്കുന്നത് ക്ഷേത്രത്തിന്റെ ചരിത്രത്തിലാദ്യമായാണ് എന്നാണ് നാട്ടുകാർ പറയുന്നത് . ക്ഷേത്രകവാടം ഇത്തരത്തില്‍ ആക്രമണത്തിനു വേദിയാക്കുന്നതില്‍ മാവേലിക്കരയിലെ വിശ്വാസി സമൂഹത്തിനിടയില്‍ വലിയ പ്രതിഷേധമുയർന്നു .
അരമണിക്കൂറിനുള്ളില്‍ ഭാരവാഹികള്‍ എത്തി കൗണ്ടര്‍ തുറപ്പിച്ചു. തൊട്ടു പിന്നാലെ മുപ്പതോളം പേരടങ്ങുന്ന ആര്‍എസ്എസുകാര്‍ സംഘടിച്ചെത്തി കൗണ്ടര്‍ വീണ്ടും അടപ്പിക്കുകയായിരുന്നു. എന്നാല്‍ നാട്ടുകാരും സിപിഐഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകരും സംഘടിച്ചെത്തി കൗണ്ടര്‍ വീണ്ടും തുറപ്പിച്ച്, നടയടക്കും വരെ വിശ്വാസികള്‍ക്ക് കാവലിരുക്കുകയായിരുന്നു.
മിക്കപ്പോഴും നഗരത്തില്‍ ആക്രമണം അഴിച്ചു വിടാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്ഷേത്രത്തിന്റ മുന്നില്‍ സംഘടിക്കാറുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ആര്‍എസ്എസ് നിയന്ത്രിക്കുന്ന ഭരണസമിതിയാണ് ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ ഭരണത്തിലുള്ളത്. 2017 ല്‍ അബ്രാഹ്മണ കീഴ്ശാന്തിയായ സുധികുമാറിന്റെ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ നിയമനത്തിനെതിരെ നീക്കം നടത്തിയതിന് ഏറെ വിമര്‍ശനം ഈ ഭരണസമിതി നേരിട്ടിരുന്നു. തന്നെ ഇപ്പോഴും ശ്രീകോവിലിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ ഭരണസമിതി അനുവദിച്ചിട്ടില്ലെന്ന് സുധികുമാര്‍ ആരോപിക്കുന്നു.