കനകക്കുന്നിന്റെ ഹൃദയംകവർന്ന് മലബാറിന്റെ സ്വന്തം കിളിക്കൂടും ഉന്നക്കായയും

173

തിരുവനന്തപുരം: മലബാർ ഭക്ഷണമെന്നു കേൾക്കുമ്പോൾ നാവിൽ രുചിയുടെ വള്ളംകളി തുടങ്ങും. ടേസ്റ്റിന്റെ മാജിക്കാണു മലബാറിന്റെ തനതു പലഹാരങ്ങൾ. തെക്കൻ കേരളത്തിന് അത്ര പരിചിതമല്ലാത്ത മലബാർ വിഭവങ്ങൾകൊണ്ട് രൂചിയുടെ പൂക്കാലം സൃഷ്ടിച്ചിരിക്കുകയാണ് വസന്തോത്സവ നഗരിയിൽ കുടുംബശ്രീ.
കഫെ കുടുംബശ്രീയുടെ സ്റ്റാളിൽ മലബാർ വിഭവങ്ങൾ വാങ്ങാൻ തിരക്കോടു തിരക്ക്. സ്‌പെഷ്യൽ മലബാർ പലഹാരങ്ങളായിരുന്നു ഇന്നലെ കഫെ കുടുംബശ്രീ സ്റ്റാളിലെ പ്രധാന ആകർഷണം. മലബാറിേെന്റതു മാത്രമായ കിളിക്കൂടും ഉന്നക്കായയും കായ്‌പ്പോളയുമെല്ലാം കഴിക്കാൻ വലിയ തിരക്കാണു കഫെ കുടുംബശ്രീയുടെ സ്റ്റാളിൽ.

ഉരുളക്കിഴങ്ങും ചിക്കനും സേമിയയും ചേർത്തുണ്ടാക്കുന്ന കിളിക്കൂടിന് 20 രൂപയാണു വില. ഇന്നലെ ചൂടുമാറും മുൻപേ കിളിക്കൂട് എല്ലാം വിറ്റുപോയെന്ന് കഫെ കുടുംബശ്രീ പ്രവർത്തകർ പറയുന്നു. ഏത്തപ്പഴം ഉപയോഗിച്ചുണ്ടാക്കുന്ന മലബാർ സ്‌പെഷ്യൽ ഉന്നക്കായ, കായ്‌പോള എന്നിവയ്ക്കും ആവശ്യക്കാരേറെ. അവധിദിനമായ ഇന്ന് തിരക്ക് ഏറെ പ്രതീക്ഷിക്കുന്നതിനാൽ ഇന്നും മലബാർ വിഭവങ്ങളുടെ വലിയ നിര കഫെ കുടുംബശ്രീയുടെ സ്റ്റാളിലുണ്ടാകും. ഇതിനു പുരമേ പഴംപൊരി അടക്കമള്ള മറ്റു നാടൻ പലഹാരങ്ങളും കുടുംബശ്രീ സ്റ്റാളിലുണ്ട്.കുടുംബശ്രീക്കു പുറമേ കെ.ടി.ഡി.സിയുടെ രാമശേരി ഇഡ്‌ലി മേളയും ഭക്ഷ്യമേളയെ സജീവമാക്കുന്നു. കനകക്കുന്നിൽ സൂര്യകാന്തിക്കു സമീപമാണു ഭക്ഷ്യമേള അരങ്ങേറുന്നത്.

NO COMMENTS