ചെന്നൈ: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന് രാജേന്ദ്രന് അന്തരിച്ചു. 67 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. മലയാള ചലച്ചിത്രരംഗത്തെ സംവിധായകനും തിരക്കഥകൃത്തുമാണ് ലെനിൻ രാജേന്ദ്രൻ. ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ചിത്രത്തിന്റെ മൂല്യത്തിന് പ്രാധാന്യം കൊടുക്കുന്ന സംവിധായകരിലൊരാളാണ് അദ്ദേഹം.
തിരുവനന്തപുരം ഊരൂട്ടമ്പലത്താണ് ലെനിൻ രാജേന്ദ്രന്റെ ജനനം. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ സജീവപ്രവർത്തകനായിരുന്ന അദ്ദേഹം ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു . തന്റെ ആശയങ്ങൾക്ക് തിരക്കഥയിലൂടെ അദ്ദേഹം സാക്ഷാത്കാരം നൽകാൻ ശ്രമിച്ചിരുന്നു. 1985 ൽ ഇറങ്ങിയ “മീനമാസത്തിലെ സൂര്യൻ” എന്ന ചിത്രം ഫ്യൂഡൽ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്. മഴയെ സർഗാത്മകമായി തന്റെ ചിത്രങ്ങളിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു സംവിധായകനാണ് രാജേന്ദ്രൻ. പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുന്നാളിന്റെ ജീവചരിത്ര ചിത്രമായ “സ്വാതിതിരുന്നാൾ” എന്ന ചിത്രത്തിൽ ഇതു വളരെ പ്രകടമാണ്.
1992 ൽ സംവിധാനം ചെയ്ത “ദൈവത്തിന്റെ വികൃതികൾ” എം. മുകുന്ദന്റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. കമലാ സുറയ്യയുടെ “നഷ്ടപ്പെട്ട നീലാംബരി” എന്ന കഥയെ ഉപജീവിച്ചുള്ളതായിരുന്നു 2001 ലെ “മഴ” എന്ന ചിത്രം. 2003 ലെ “അന്യർ” എന്ന ചിത്രം കൈകാര്യം ചെയ്യുന്നത് കേരളത്തിലെ അപകടകരമായ വർഗീയ ധ്രുവീകരണത്തെയാണ്.
വേനൽ ,ചില്ല്,പ്രേം നസീറിനെ കാണ്മാനില്ല, മീനമാസത്തിലെ സൂര്യൻ , മഴക്കാല മേഘം, സ്വാതി തിരുന്നാൾ , പുരാവൃത്തം ,വചനം ,ദൈവത്തിന്റെ വികൃതികൾ ,കുലം,മഴ,അന്യർ,രാത്രിമഴ,മകരമഞ്ഞ്, തുടങ്ങിയവ അദ്ദേഹത്തിന്റെ ചിത്രങ്ങളാണ്.സംസ്ഥാന ചലച്ചിത്രപുരസ്കാരം ദൈവത്തിന്റെ വികൃതികൾ എന്ന ചിത്രത്തിനും കുലം എന്ന ചിത്രത്തിനും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് .കുറച്ചു ദിവസം മുൻപ് കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക വിധേയനായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. മരണ സമയത്ത് കുടുംബാഗങ്ങള്‍ അടുത്തുണ്ടായിരുന്നു.ഭാര്യ:ഡോ.രമണി , മക്കൾ: പാർവതി,ഗൗതമൻ.