ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രധാനമന്ത്രി മൗനംപാലിച്ചത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്.ഈ വിഷയമുയര്‍ത്തി പ്രധാനമന്ത്രിയുടെ പാര്ട്ടിക്കാര് പ്രക്ഷോഭം നടത്തുമ്പോള്‍ അതിന് പരിഹാരം കാണാനെങ്കിലും നിയമനിര്‍മ്മാണം നടത്താമെന്ന് ഒരുവാക്കുപോലും പറയാതെ വചക കസര്‍ത്ത് നടത്തി തടിതപ്പുകയായിരുന്നു.
പ്രധാനമന്ത്രിയില്‍ നിന്നും വിശ്വാസികള്‍ കേള്‍ക്കാനാഗ്രഹിച്ചത് ശബരിമല സ്ത്രീപ്രവേശനവുമായി നിയമനിര്‍മ്മാണം നടത്തുമെന്ന പ്രഖ്യാപനമാണ്. വിശ്വാസികളെ നിരാശരാക്കി മൈതാന പ്രസംഗം നടത്തിയാണ് പ്രധാനമന്ത്രി മടങ്ങിയത്. പ്രധാനമന്ത്രി കേരളത്തില്‍ വന്നിട്ടും ശബരിമല വിഷയത്തില്‍ ഒരു ഉറപ്പുംകിട്ടാത്ത സാഹചര്യത്തില്‍ സംസ്ഥാന ബി.ജെ.പി നേതൃത്വം പരസ്യമായി മാപ്പുപറയണം.
യുവതികളെയും ആക്ടവിസ്റ്റുകളേയും നിരീശ്വരവാദികളെയും മണ്ഡലകാലത്ത് ശബരിമലയിലെത്തിച്ചതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രഹസ്യ അജണ്ടയാണ്. മകരവിളക്ക് ദിവസം സ്ത്രീകളാരും ശബരിമല ദര്‍ശനത്തിന് വന്നില്ലായെന്നതും ശ്രദ്ധേയമാണ്. സുപ്രീംകോടതി വിധിയുടെ മറവില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ഉണ്ടാക്കിയ നാടകങ്ങളാണ് അരങ്ങേറിയതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.