ഗുജറാത്ത്: അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനും എതിരെയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ ചിലരെ പ്രകോപിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ സില്‍വാസയിലെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന വേളയിലായിരുന്നു മോദിയുടെ ഈ വാക്കുകള്‍. പൊതുഖജനാവ് ധൂര്‍ത്തടിക്കാന്‍ ആരെയും അനുവദിക്കാത്തതാണ് ഈ പ്രകോപനത്തിന് കാരണമെന്നും അത് സ്വാഭാവികമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പ്രതിപക്ഷ മെഗാറാലിയില്‍ പ്രമുഖ നേതാക്കള്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മോദി.പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംഘടിപ്പിച്ച റാലിയില്‍ ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍, എസ് പി നേതാവ് അഖിലേഷ് യാദവ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. പബ്ലിസിറ്റി പിഎം എന്നാണ് ചന്ദ്രബാബു നായിഡു മോദിയെ വിശേഷിപ്പിച്ചത്. മോദി സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞുവെന്നായിരുന്നു മമത ബാനര്‍ജിയുടെ വാക്കുകള്‍.
കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളായിരുന്നു മോദിക്കെതിരെ ആഞ്ഞടിക്കാന്‍ എച്ച് ഡി കുമാരസ്വാമി ഉപയോഗിച്ചത്.
മഹാസഖ്യം എന്ന പേരില്‍ ഒരു പുതിയ കൂട്ടുകെട്ട് നിര്‍മ്മിക്കുകയാണ് പ്രതിപക്ഷം ചെയ്തിരിക്കുന്നത്. സ്വന്തം സംസ്ഥാനത്ത് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ കഴിവില്ലാത്തവരാണ് ഇപ്പോള്‍ ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.