മുംബൈ: ന്യൂസീലന്‍ഡിനെതിരായ അവസാന രണ്ട് ഏകദിനങ്ങളിലും ട്വന്റി-20 പരമ്പരയിലും ക്യാപ്റ്റന്‍ വിരാട് കോലിയുണ്ടാകില്ല. കോലിക്ക് ബി.സി.സി.ഐ വിശ്രമം അനുവിച്ചതോടെയാണിത്. പകരം രോഹിത് ശര്‍മ്മ ഇന്ത്യയെ നയിക്കും.
കഴിഞ്ഞ കുറച്ചു മാസങ്ങളായി തുടര്‍ച്ചയായി കോലി മത്സരങ്ങള്‍ കളിക്കുന്നതിനാലാണ് വിശ്രമം അനുവദിക്കുന്നതെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. കോലിക്ക് പകരം മറ്റൊരാളെ ടീമിലെടുക്കില്ലെന്നും ബി.സി.സി.ഐ വ്യക്തമാക്കി. വിശ്രമത്തിന് ശേഷം ഇന്ത്യയില്‍ ഓസ്‌ട്രേലിയക്കെതിരായി നടക്കുന്ന പരമ്പരയില്‍ കോലി തിരിച്ചെത്തും.
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടെസ്റ്റ്, ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യ കോലിയുടെ നേതൃത്വത്തില്‍ ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലും മികച്ച തുടക്കമിട്ടിരുന്നു. നേപ്പിയറില്‍ നടന്ന ആദ്യ ഏകദിനത്തില്‍ എട്ടു വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്.
നേരത്തെ ഓസീസ് പര്യടനത്തിന് മുമ്പ് വിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പയില്‍ കോലിക്ക് വിശ്രമം അനുവദിച്ചിരുന്നു. സെപ്റ്റംബറില്‍ നടന്ന ഏഷ്യാ കപ്പിലും കോലി കളിച്ചിരുന്നില്ല. പകരം രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലാണ് ഇന്ത്യ കിരീടം ചൂടിയത്.
ന്യൂസീലന്‍ഡിനെതിരെ ഇന്ത്യക്ക് അഞ്ച് ഏകദിനങ്ങളാണുള്ളത്. ഇതില്‍ ഒരു ഏകദിനം കഴിഞ്ഞു. ഇനിയുള്ള നാല് ഏകദിനങ്ങളില്‍ രണ്ടെണ്ണത്തില്‍ കോലി കളിക്കും. പിന്നീടുള്ള രണ്ട് ഏകദിനങ്ങളില്‍ പുറത്തിരിക്കും. ഒപ്പം ന്യൂസീലന്‍ഡിനെതിരായ മൂന്ന് ട്വന്റി-20യിലും കോലി കളിക്കില്ല.
ന്യൂസീലന്‍ഡ് പര്യടനത്തിന് ശേഷം ഓസ്‌ട്രേലിയ ഇന്ത്യയില്‍ പരമ്പരയ്‌ക്കെത്തും. ഫെബ്രുവരി 24ന് തുടങ്ങുന്ന പരമ്പരയില്‍ അഞ്ച് ഏകദിനങ്ങളാണുള്ളത്. അതിനുശേഷം ഐ.പി.എല്‍ തുടങ്ങും.