തിരുവനന്തപുരം: നമ്പി നാരായണന് പത്മ അവാര്‍ഡ് നല്‍കിയതിനെതിരെ ടി.പി സെന്‍കുമാര്‍. നമ്പി നാരായണനെ പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യാന്‍ പാടില്ലായിരുന്നെന്നും ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും അദ്ദേഹം രാജ്യത്തിന് നല്‍കിയിട്ടില്ലെന്നും ടി.പി സെന്‍കുമാര്‍ പറഞ്ഞു. ആരാണ് ഇദ്ദേഹത്തെ ഇതിനായി ശുപാര്‍ശ ചെയ്തത്. അവര്‍ തന്നെ ഇതില്‍ വിശദീകരണം നല്‍കണമെന്നും ടി.പി സെന്‍കുമാര്‍ ആവശ്യപ്പെട്ടു.
ഐ.എസ്.ആര്‍.ഒയില്‍ നടന്ന കാര്യങ്ങള്‍ എന്താണെന്ന് കണ്ടുപിടിക്കാന്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ വച്ചിരിക്കുകയാണ്. അത്തരത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെ പ്രധാനപ്പെട്ട സുപ്രീം കോടതിയുടെ വിധി തന്നെ ഇരിക്കെ എങ്ങനെയാണ് ആ സമിതി കണ്ടെത്തല്‍ നടത്തുന്നതിന് മുന്‍പ് ഇങ്ങനെയൊരു അവാര്‍ഡ് അദ്ദേഹത്തിന് നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്നത് എങ്ങനെയാണെന്ന് ടി.പി സെന്‍കുമാര്‍ ചോദിച്ചു.അതേസമയം, മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ബി.ജെ.പി മറുപടി പറയണമെന്നും അദ്ദേഹം ബി.ജെ.പിയുമായി സഹകരിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ തുടങ്ങിയതെന്നും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.
എന്നാല്‍ ടി.പി. സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍ക്ക് ബി.ജെ.പി. മറുപടി പറയേണ്ടതില്ലെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയുടെ പ്രതികരണം. നമ്പി നാരായണനെ ശുപാര്‍ശ ചെയ്തവരാണ് ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ നമ്പി നാരായണനെ പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തത് ബി.ജെ.പി. എം.പി. രാജീവ് ചന്ദ്രശേഖറാണെന്ന വാര്‍ത്തയും പുറത്തുവന്നു. നമ്പി നാരായണനെ പുരസ്‌കാരത്തിന് പരിഗണിക്കണമെന്ന് നിര്‍ദേശിച്ച് രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്താണ് പുറത്തുവന്നത്.