പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മധുരൈയില്‍; ‘ഗോ ബാക്ക് മോദി’ എന്ന പ്രതിഷേധപോസ്റ്റുകള്‍ വ്യാപകം.

166

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മധുരൈയില്‍ എയിംസ് ആശുപത്രിയുടെ തറക്കല്ലിടല്‍ നിര്‍വഹിക്കും. രാവിലെ 11.30-ക്കാണ് മോദി തമിഴ്നാട്ടിലെത്തുന്നത്. ഇതിനിടെ മോദിക്കെതിരെ ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗ് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമാണ്.’ഗോ ബാക്ക് മോദി’ എന്ന ഹാഷ് ടാഗില്‍ പതിനായിരക്കണക്കിന് ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളുമാണ് പ്രചരിക്കുന്നത്.

ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ ഏറ്റവും മുന്നിലും ഈ ഹാഷ് ടാഗ് തന്നെ.തമിഴ്നാടിന്‍റെ ഭൂപടത്തില്‍ പെരിയാറിന്‍റെ ചിത്രത്തോടുകൂടിയ കാര്‍ട്ടൂണോടെയാണ് പ്രതിഷേധപോസ്റ്റുകള്‍ പ്രചരിക്കുന്നത്. തമിഴ്നാട്ടിലെ കര്‍ഷകന്‍ മോദിയെ നാട്ടില്‍ നിന്ന് ചവിട്ടിപ്പുറത്താക്കുന്ന കാര്‍ട്ടൂണും ട്രെന്‍ഡിംഗാണ്.എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ ‘ടി എന്‍ വെല്‍കംസ് മോദി’ എന്ന ഹാഷ് ടാഗ് ബിജെപി പ്രവര്‍ത്തകരും തുടങ്ങിയിട്ടുണ്ട്.സംസ്ഥാനത്ത് ഗജ ചുഴലിക്കാറ്റ് വ്യാപകനഷ്ടമുണ്ടാക്കിയപ്പോള്‍ മോദി സഹായിക്കാന്‍ എത്തിയില്ലെന്ന് ചൂണ്ടിക്കാട്ടുന്ന പ്രതിഷേധക്കാര്‍ തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് വിരുദ്ധസമരത്തില്‍ 13 പേര്‍ വെടിയേറ്റ് മരിച്ചപ്പോള്‍ എവിടെയായിരുന്നു എന്ന് ചോദിക്കുന്നു.

കാവേരി പ്രശ്നം വന്നപ്പോള്‍ മോദി കര്‍ണാടകയ്ക്ക് അനുകൂലമായി നിലപാടെടുത്തതും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.കഴിഞ്ഞ വര്‍ഷം മോദി ചെന്നൈയിലെത്തിയപ്പോഴും സമാനമായ പ്രതിഷേധമുണ്ടായിരുന്നു. ചെന്നൈയില്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്കടുത്ത് കറുത്ത ബലൂണ്‍ പറത്തിയാണ് അന്ന് പ്രതിഷേധം നടന്നത്. ഇത് കണക്കിലെടുത്ത് ചെന്നൈ ഐഐടിയിലേക്കുള്ള മോദിയുടെ റോഡ് മാര്‍ഗമുള്ള യാത്ര ഉപേക്ഷിച്ച്‌ ഹെലികോപ്റ്ററിലാണ് എത്തിച്ചത്.

NO COMMENTS