പിറവം: പിറവം പള്ളിത്തർക്കക്കേസ് കേൾക്കുന്നതിൽ നിന്ന് നാലാം തവണയും ഡിവിഷൻ ബെഞ്ച് പിന്മാറി. ജസ്റ്റിസ് ഹരിലാൽ, ജസ്റ്റിസ് ആനി ജോൺ എന്നിവരടങ്ങിയ ബെഞ്ചാണ് പിൻമാറിയത്. പിന്മാറ്റത്തിന്‍റെ കാരണം വ്യക്തമാക്കിയിട്ടില്ല. സുപ്രീംകോടതി വിധിയനുസരിച്ച് പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ മുന്നിലുള്ളത്.
കേസ് പരിഗണിക്കുന്ന മൂന്ന് ഡിവിഷൻ ബെഞ്ചുകള്‍ നേരത്തെ പിന്മാറിയിരുന്നു. ജനുവരി 25 നാണ് കേസ് മൂന്നാമത്തെ ഡിവിഷൻ ബെഞ്ച് പിന്മാറിയത്. ജസ്റ്റിസ് സി കെ അബ്ദുൽ റഹീം, ജസ്റ്റിസ് ടി വി അനിൽകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് പിന്മാറിയത്. ജഡ്ജിമാർ അഭിഭാഷകർ ആയിരിക്കെ പള്ളി കേസുകളിൽ കോടതിയിൽ ഹാജരായിട്ടുണ്ടെന്ന് യാക്കോബായ വിഭാഗത്തിന് ആരോപണത്തെത്തുടർന്നാണ് ജഡ്ജിമാർ പിന്മാറിയത്.
നേരത്തെ പിറവം പള്ളിത്തർക്കക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് പി ആർ രാമചന്ദ്ര മേനോൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചും ജസ്റ്റിസ് ചിദംബരേഷ് അടങ്ങിയ ബെഞ്ചും പിന്മാറിയിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വക്കീലായിരിക്കെ സഭാതർക്കം സംബന്ധിച്ച കേസിൽ യാക്കോബായ സഭയ്ക്കായി ഹാജരായിട്ടുണ്ടെന്ന തടസ്സമുന്നയിച്ച് അഞ്ച് വിശ്വാസികൾ കക്ഷിചേരാനെത്തിയ പശ്ചാത്തലത്തിലായിരുന്നു ആദ്യ ബെഞ്ചിന്‍റെ പിന്മാറ്റം.
പള്ളിത്തർക്കക്കേസിൽ കക്ഷി ചേരാനെത്തിയ കാട്ടാച്ചിറയിലെ യാക്കോബായ സഭ വിശ്വാസിയാണ്, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പിൻമാറണമെന്ന ആവശ്യം കോടതിയെ അറിയിച്ചത്. ജസ്റ്റിസ് ചിദംബരേഷ് യാക്കോബായ വിഭാഗത്തിന് വേണ്ടി നേരത്തെ ഹാജരായതാണെന്ന് ചൂണ്ടികാട്ടിയായിരുന്നു രണ്ടാമത്തെ പിന്മാറ്റം. യാക്കോബായ വിഭാഗം അഭിഭാഷകനായിരുന്നു ഇക്കാര്യം കോടതിയെ അറിയിച്ചത്. ജഡ്ജിമാരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് ഏറ്റവും മോശം പ്രവൃത്തിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിവിഷൻ ബെഞ്ചിന്‍റെ നടപടി.