എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് സര്‍ക്കാര്‍ അളവറ്റ കാരുണ്യമാണ് കാണിച്ചിട്ടുള്ളത്; മുഖ്യമന്ത്രി പിണറായി വിജയൻ

192

തിരുവനന്തപുരം:എന്‍ഡോസള്‍ഫാന്‍ ഇരകളോട് സര്‍ക്കാര്‍ അളവറ്റ കാരുണ്യമാണ് കാണിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്‍ എ നെല്ലിക്കുന്ന് അവതരിപ്പിച്ച അടിയന്തിരപ്രമേയത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.
തിരുവനന്തപുരം സെക്രട്ടേറിയറ്റിയന് മുന്നില്‍ ദുരന്തബാധിതര്‍ സമരത്തിലാണ്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സാമൂഹികപ്രവര്‍ത്തക ദയാഭായി അനിശ്ചിതകാല നിരാഹാര സമരം തുടരുകയുമാണ്.

മെഡിക്കല്‍ ക്യാമ്ബുകളില്‍ കണ്ടെത്തിയ എല്ലാ ദുരന്തബാധിതരെയും ഗുണഭോക്താക്കളുടെ പട്ടികയിലുള്‍പ്പെടുത്തുക, സുപ്രീം കോടതി പറഞ്ഞ നഷ്ടപരിഹാരം നല്‍കുക, ചികിത്സാസഹായം വര്‍ധിപ്പിക്കുക എന്നിവയാണ് സമരംചെയ്യുന്നവര്‍ മുന്നോട്ട് വെച്ചിട്ടുള്ള ആവശ്യങ്ങള്‍.

എന്‍.എ. നെല്ലിക്കുന്നിന്‍റെ അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയുടെ പൂര്‍ണരൂപം

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു നല്‍കിയ പരിരക്ഷയും ആശ്വാസവും അവര്‍ അനുഭവിക്കുന്ന ദുരിതത്തെ ഒരളവെങ്കിലും കുറയ്ക്കുവാന്‍ കഴിഞ്ഞുവെന്നതാണ് വസ്തുത. ഈ വസ്തുതകള്‍ ശരിയായി മനസ്സിലാക്കാന്‍ ശ്രമിക്കാതെയാണ് ഈ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളതെന്ന് പറയേണ്ടി വരും.

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ പ്രശ്‌നങ്ങള്‍ റവന്യൂ, ആരോഗ്യം, സാമൂഹ്യനീതി, ഭക്ഷ്യ പൊതുവിതരണം, വിദ്യാഭ്യാസം മുതലായ വകുപ്പുകള്‍ മുഖാന്തിരമാണ് നടപ്പാക്കിവരുന്നത്. പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് റവന്യൂ വകുപ്പ് മന്ത്രി അധ്യക്ഷനായുള്ള ഒരു സെല്‍ പ്രവര്‍ത്തിച്ചുവരുന്നു. ജില്ലാ കളക്ടറാണ് ഇതിന്‍റെ കണ്‍വീനര്‍.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് എല്ലാ സര്‍ക്കാരിന്‍റെ കാലത്തും അംഗീകരിച്ച്‌ നിലനില്‍ക്കുന്ന മാനദണ്ഡങ്ങളുണ്ട്. 2013 മുതല്‍ ഹൈക്കോടതി അംഗീകരിച്ച മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദുരിതബാധിതരെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പ്രവര്‍ത്തിച്ചുവരുന്നത്.

അതനുസരിച്ച്‌ വിവിധ മെഡിക്കല്‍കോളേജുകളിലെ പതിനൊന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ഒരു പാനല്‍ രോഗാവസ്ഥയിലുള്ളവരെ പരിശോധിക്കുന്നുണ്ട്. പരിശോധനയില്‍ എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെടുത്താവുന്ന രോഗാവസ്ഥയാണെന്ന് കണ്ടെത്തുന്നവരുടെ പട്ടിക തയ്യാറാക്കുന്നു. അതേതുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ആകാശമാര്‍ഗ്ഗേണ തളിച്ച 1978-2000 കാലഘട്ടത്തില്‍ പ്ലാന്‍റേഷന്‍ തോട്ടങ്ങളിലോ പരിസരത്തോ ജോലി നോക്കിയിരുന്നോ എന്നും മറ്റുവിധത്തില്‍ രോഗം പിടിപെടാനിടയുള്ള സാഹചര്യം ഉണ്ടായിരുന്നോ എന്നുമുള്ള കാര്യം ഫീല്‍ഡ് ലെവലില്‍ ശേഖരിക്കുന്ന റിപ്പോര്‍ട്ടു സഹിതം അര്‍ഹതാനിര്‍ണ്ണയം നടത്തുന്നു. ഒരു പ്രത്യേക മെഡിക്കല്‍ സംഘം റിപ്പോര്‍ട്ടുകള്‍ സൂക്ഷ്മ പരിശോധന നടത്തിയശേഷമാണ് അര്‍ഹരുടെ പട്ടിക തയ്യാറാക്കുന്നത്.

ആ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത മുഴുവന്‍ കേസുകളും വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുകയും ആവശ്യമെങ്കില്‍ കൂട്ടിച്ചേര്‍ക്കല്‍ വരുത്തുകയുമാണ് സ്വീകരിക്കുന്ന രീതി.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2017 ഏപ്രില്‍ മാസം നടത്തിയ പ്രത്യേക ക്യാമ്ബിനെ തുടര്‍ന്ന് 287 പേരെ പുതുതായി ഉള്‍പ്പെടുത്തി. അതു സംബന്ധിച്ച്‌ ഇരകളുടെ അമ്മമാര്‍ നല്‍കിയ പരാതികള്‍ പരിശോധിച്ച്‌ ജില്ലാതല സെല്ലിന്‍റെ തീരുമാനപ്രകാരം രോഗാവസ്ഥയിലുള്ള 76 പേരെ കൂടി ഉള്‍പ്പെടുത്തി 363 പേരുടെ പട്ടിക അംഗീകരിച്ചു. പരാതികളെ തുടര്‍ന്ന് പുനഃപരിശോധനയ്ക്കു ശേഷം പിന്നീട് പതിനൊന്ന് പേരെ കൂടി കൂട്ടിച്ചേര്‍ത്തു. നിലവില്‍ ആകെ 6212 പേരാണ് ദുരിതബാധിതരായി അംഗീകരിച്ച പട്ടികപ്രകാരം നിലവിലുള്ളത്.

ഈ ക്യാമ്ബില്‍ നിന്നും കണ്ടെത്തിയ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെടാത്ത 657 പേര്‍ക്ക് സൗജന്യ ചികിത്സാസൗകര്യം അനുവദിച്ചിട്ടുണ്ട്. ഈ ലിസ്റ്റില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നത് നിയമവിധേയമല്ല.

2) സുപ്രീംകോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ച്‌
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ശുപാര്‍ശകള്‍ നടപ്പാക്കണമെന്നുള്ള കോടതിയുടെ ഉത്തരവ് പ്രകാരം പൂര്‍ണ്ണമായും കിടപ്പിലായവര്‍ക്ക് അഞ്ച് ലക്ഷം രൂപ, മറ്റ് ശാരീരികവൈകല്യമുള്ളവര്‍ക്ക് മൂന്ന് ലക്ഷം രൂപ, മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ, എന്‍ഡോസള്‍ഫാന്‍ തളിച്ച്‌ തുടങ്ങിയ ശേഷം ജനിച്ച; ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപ എന്നിങ്ങനെയാണ് നല്‍കുന്ന നഷ്ടപരിഹാരം. ഈ ശുപാര്‍ശകള്‍ പലതും പ്രാവര്‍ത്തികമാക്കാന്‍ വേണ്ട കേന്ദ്രസഹായം ഇനിയും ലഭിച്ചിട്ടില്ലെന്നുള്ളത് ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നുവെന്നത് വസ്തുതയാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ അതുകൂടി കണ്ടുള്ള സഹായമാണ് ഇതിനകം തന്നെ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുള്ളത്.

2017 ജനുവരി 10ന് വന്ന സുപ്രീംകോടതി വിധി പ്രകാരം നഷ്ടപരിഹാരത്തിന്‍റെ മൂന്നാം ഗഡു അനുവദിക്കുന്നതിനായി 20.04.2017ല്‍ 56.76 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു നല്‍കി. നഷ്ടപരിഹാരം നല്‍കാനായി ആകെ 161.65 കോടി രൂപയാണ് 2012 മുതല്‍ 2017 വരെയുള്ള കാലയളവില്‍ വിവിധ സന്ദര്‍ഭങ്ങളിലായി അനുവദിച്ചു നല്‍കിയത്. 2017ല്‍ അനുവദിച്ച മൂന്നാം ഗഡു നഷ്ടപരിഹാര തുകയില്‍ നിന്ന് 3,256 പേര്‍ക്ക് 51.34 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു. ഇതിനുപുറമെ ദുരിതബാധിതര്‍ക്കുള്ള പ്രത്യേക ധനസഹായത്തിനായി നല്‍കിയ തുകയില്‍ 10 കോടി രൂപ ദുരിതബാധിതര്‍ക്കുള്ള സമഗ്ര ആരോഗ്യപദ്ധതിയായ ‘തേജസ്വിനി’യിലേക്ക് വകയിരുത്തി നല്‍കിയിട്ടുണ്ട്. 2017 ല്‍ പുതുതായി കണ്ടെത്തിയവര്‍ക്ക് സാമ്ബത്തികസഹായം വിതരണം ചെയ്യുന്നതിനായി 8.35 കോടി രൂപ ആദ്യഘട്ടമായി കളക്ടര്‍ക്ക് അനുവദിച്ച്‌ ഉത്തരവായിട്ടുണ്ട്.

സാമൂഹ്യസുരക്ഷാ മിഷന്‍ മുഖേനയുള്ള സഹായപദ്ധതികള്‍

1) ‘സ്‌നേഹസാന്ത്വനം’ പദ്ധതി – ദീര്‍ഘകാല ചികിത്സ ആവശ്യമുള്ളവരും രോഗാവസ്ഥയിലുള്ളവരും തൊഴിലെടുക്കാനാവാത്തതുമായ ദുരിതബാധിതര്‍ക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന പെന്‍ഷനു പുറമെ 1,700 രൂപ വീതവും പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് 2,200 രൂപയും മറ്റുള്ളവര്‍ക്ക് 1,200 രൂപയും പ്രതിമാസം നല്‍കിവരുന്നു. 4,896 പേര്‍ക്ക് നിലവില്‍ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്. ലഭ്യമായ കണക്കുകള്‍ പ്രകാരം 2016-17 ല്‍ 9.76 കോടി രൂപയും 2017-18ല്‍ 9.68 കോടി രൂപയും 2018-19ജനുവരി 15 വരെ 7.48 കോടി രൂപയുമാണ് ഇതിനായി ചിലവായിട്ടുള്ളത്.

2) വിദ്യാഭ്യാസ ധനസഹായ പദ്ധതി : ദുരിതബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ബഡ്‌സ് സ്‌കൂളില്‍ പഠിക്കുന്നവര്‍ക്ക് 2,000 രൂപ വീതവും 1മുതല്‍ 7 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് 2,000 രൂപ വീതവും 8 മുതല്‍ 10 വരെയുള്ളവര്‍ക്ക് 3,000 രൂപ വീതവും 11, 12 ക്ലാസ്സുകാര്‍ക്ക് 4,000 രൂപ വീതവും ഒറ്റത്തവണ ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. കഴിഞ്ഞ അദ്ധ്യയന വര്‍ഷം 1,213 കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.

NO COMMENTS