ദളിത് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം ; ബിഷപ്പിനെതിരെ പൊലീസ് കേസെടുത്തു.

180

ബംഗളൂരു: ബംഗളൂരുവില്‍ ദളിത് യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍
ബം​ഗളൂരുവിലെ ഹാലുസൂറിലെ ഹോളി ട്രിനിറ്റി ചര്‍ച്ച്‌ (സിഎസ്‌ഐ) ബിഷപ്പ് പി കെ സാമുവലിനെതിരേയാണ് പൊലീസ് കേസെടുത്തത്. ബിഷപ്പിന്റെ സഹായിക്കെതിരെ നല്‍കിയ ലൈം​ഗീകാതിക്രമ കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ച യുവതിയെ ബിഷപ്പ് ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

ഇതില്‍ മനംനൊന്ത യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകം അറിയുന്നത്.ബിഷപ്പിന്റെ സഹായി വിനോദ് ദാസനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം തനിക്കെതിരേയുള്ള ആരോപണങ്ങള്‍ നിഷേധിച്ച്‌ ബിഷപ്പ് രം​ഗത്തെത്തി. തനിക്കെതിരെ പരാതി നല്‍കിയ യുവതിയെ അറിയില്ലെന്നും സംഭവം നടന്നെന്ന് പറയുന്ന ദിവസം യുവതിയും ഭര്‍ത്താവും വീട്ടിലേക്ക് വന്നിട്ടില്ലെന്നും ബിഷപ്പ് പറഞ്ഞതായി സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.എഫ്‌ഐആറില്‍ പറയുന്നതുപോലെ വിനോദ് പുരോഹിതനല്ല. പള്ളിയില്‍ പുരോഹിതന്‍ ഉണ്ടെന്നും എന്നാല്‍ പേരിതല്ലെന്നും ബിഷപ്പ് പറഞ്ഞു.

ഒരു പുരോഹിതന്‍ എന്ന പേരില്‍ വിനോദ് ദാസന്റെ പേര് എഫ്‌ഐആറില്‍ ചേര്‍ത്തത് എന്തിനാണെന്ന് അറിയില്ല. മാത്രമല്ല ഇതൊരു കെട്ടിച്ചമച്ച കഥയാണ്. വിനോദ് പുരോഹിതനാണെന്ന് തെറ്റ് ധരിക്കരുതെന്നും അയാള്‍ സെന്റ് പീറ്റര്‍ പള്ളിയിലെ അം​ഗമാണെന്നും ട്രിനിറ്റി പള്ളിയുമായി യാതൊരു ബന്ധമില്ലെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
2013ല്‍ വിനോദിനെതിരെ യുവതി ലൈംഗീകാതിക്രമപരാതി നല്‍കിയിരുന്നു. ഈ കേസ് പിന്‍വലിക്കണമെന്ന് വിനോദ് യുവതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ജനുവരി 21ന് ട്രിനിറ്റി പള്ളിക്ക് സമീപത്തുള്ള വീട്ടില്‍ ഭര്‍ത്താവുമായി എത്താന്‍ വിനോദ് യുവതിയോട് ആവശ്യപ്പെട്ടു.

വിനോദ് ആവശ്യപ്പെട്ട പ്രകാരം യുവതി ഭര്‍ത്താവുമായി പള്ളിയിലേക്ക് പോയി. അവിടെവച്ച്‌ കേസ് പിന്‍വലിക്കുന്നതിന് ഒരു കോടി രൂപയും ജോലിയും ബിഷപ്പ് യുവതിക്ക് വാ​ഗ്ദാനം ചെയ്തു.എന്നാല്‍ ഇത് വിസമ്മതിച്ച തന്നെ ബിഷപ്പ് കടന്നു പിടിക്കുകയും ബലാത്സം​ഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. ഈ സമയം ഭര്‍ത്താവ് വിനോദിനോട് സംസാരിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച്‌ ഭര്‍ത്താവിനോട് പറഞ്ഞാല്‍ കൊല്ലുമെന്ന് ബിഷപ്പ് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നു. സംഭവത്തിനുശേഷം ജനുവരി 31നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. കീടനാശിനി കഴിച്ചാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തില്‍ ഉല്‍സൂര്‍ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. 2018 ഏപ്രിലില്‍ സാമുവലിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കേസില്‍ ബിഷപ്പിനെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കേസില്‍ ഇതുവരെ ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

NO COMMENTS