മാനന്തവാടി: വയനാട്ടില്‍ ആദിവാസി ബാലികയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് ഒ എം ജോര്‍ജിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വീട്ടില്‍ റെയ്ഡ് നടത്തി പ്രതിയുടെ പാസ്പോര്‍ട്ട് പിടിച്ചെടുത്തെങ്കിലും വ്യാജപാസ്പോര്‍ട്ടില്‍ രാജ്യം വിടാതിരിക്കാനാണ് പൊലീസ് നോട്ടീസ് ഇറക്കിയത്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പ്രതിയുടെ ഫോട്ടോപതിച്ച നോട്ടീസ് നല്കി.
സൈബര്‍സെല്ലിന്റെ സഹായവുമുണ്ട്. പതിനേഴുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഒന്നരവര്‍ഷത്തോളം പീഡിപ്പിച്ച ജോര്‍ജിനെതിരെ പോക്സോ, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ ബന്ധുക്കളുടെ വീടുകളിലടക്കം റെയ്ഡ് നടത്തി. ജോര്‍ജ് ഉപയോഗിച്ച രണ്ട് മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്.
കര്‍ണാടക, തമിഴ്നാട് പൊലീസ് സ്റ്റേഷനുകളിലും വിവരം കൈമാറി. സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമീഷന് ജോര്‍ജിനെതിരെ സ്വമേധയാ കേസെടുത്തു. ജോര്‍ജിനെ അന്വേഷണ വിധേയമായി പാര്ടിയില്നിന്നും സസ്പെന്‍ഡ് ചെയ്തത് ചൂണ്ടിക്കാണിച്ച് രക്ഷപ്പെടാനാണ് കോണ്‍ഗ്രസ് ശ്രമം.
എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ സഹായത്തോടെയാണ് ജോര്‍ജ് ഒളിവില്പോയതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഐഎന്‍ടിയുസി നേതാവിനെതിരെ കോണ്‍ഗ്രസ് ഒരുനടപടിയുമെടുത്തില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന ബത്തേരി അര്‍ബന്‍ ബാങ്കിന്റെ വൈസ് ചെയര്‍മാനായി ജോര്‍ജ് തുടരുന്നുണ്ട്.
കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പൊലീസ് പറഞ്ഞു. ജോര്‍ജിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തശേഷം പെണ്‍കുട്ടിയുടെ കുടുംബത്തെ സ്വാധീനിക്കാന്‍ ശ്രമിച്ച കൂടുതല്‍ പേരെ പ്രതികളാക്കും.