തിരുവനന്തപുരം: ‘സൂര്യന്, സമുദ്രം, മണല്‍പ്പരപ്പ്, നല്ല ഭക്ഷണം, ഹൗസ്ബോട്ടുകള്‍, സാംസ്കാരികത്തനിമ, വന്യജീവികള്‍ എന്നുവേണ്ട ഇന്ത്യയില്‍ എല്ലാമുള്ള സ്ഥലമാണിത്. തെങ്ങുകള്‍, കായലുകള്‍ എന്നിവയെല്ലാം കേരളത്തിന് ദൈവത്തിന്റെ സ്വന്തംനാടെന്ന വിശേഷണം അനുയോജ്യമാക്കുന്നുവെന്നും ലോകത്ത് എല്ലാം തികഞ്ഞ സ്ഥലമെന്ന് വിശേഷിപ്പിച്ച് 2019ല്‍ വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കേണ്ട 19 സ്ഥലങ്ങളിലൊന്നായി കേരളത്തെ സിഎന്‍എന്‍ ട്രാവല്‍ തെരഞ്ഞെടുത്തു. ന്യൂയോര്‍ക്ക് സിറ്റി, ഈജിപ്ത്, സ്കോട്ട്ലെന്‍ഡ്, ഫ്രാന്‍സ്, ജപ്പാന് എന്നിവിടങ്ങളിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കൊപ്പമാണ് കേരളത്തെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.മഹാപ്രളയം സംസ്ഥാനത്ത് ദുരിതം വിതച്ചെങ്കിലും വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ദുരന്തത്തെ അതിജീവിച്ചു. ഒരു സായാഹ്നം മാത്രമല്ല, വേണമെങ്കില്‍ ഒരാഴ്ച തന്നെ ഹൗസ്ബോട്ടുകളില്‍ ചെലവഴിക്കാം. മനോഹരമായ ബീച്ചുകളുണ്ട്. കോവളം കടല്‍ വിനോദങ്ങള്‍ക്ക് പേരുകേട്ടതാണ്. വിശ്രമിക്കാന്‍ ഏറ്റവും യോജിച്ച സ്ഥലമാണ് വര്‍ക്കല.കേരളത്തിന്റെ സുഗന്ധദ്രവ്യങ്ങളും പ്രശസ്തമാണ്. കൊഞ്ചുകറിയിലെ പ്രധാന ചേരുവയാണ് കേരളത്തിന്റെ സ്വന്തം തേങ്ങ. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളം, പോര്‍ച്ചുഗീസുകാര്‍ വാണിരുന്ന വിവിധ സംസ്കാരങ്ങളുടെ വിളനിലമായ കൊച്ചി തുറമുഖം എന്നിവയെല്ലാം പ്രത്യേകതകളാണ്. കഥകളി, മൂന്നാറിലെ തേയില തോട്ടങ്ങള്‍, ട്രക്കിങിന് അനുയോജ്യമായ പെരിയാര്‍ വന്യജീവിസങ്കേതം എന്നിവയെല്ലാം കാണേണ്ടതുതന്നെയാണെന്ന് വിനോദസഞ്ചാരികളോട് സിഎന്‍എന്‍ പറയുന്നു.കനപ്പെട്ട അംഗീകാരമാണിതെന്നും കൂടുതല്‍ വിനോദസഞ്ചാരികള്‍ ഇവിടെയെത്താന്‍ സഹായിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. പ്രളയം കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെ ബാധിച്ചില്ലെന്ന് റിപ്പോര്‍ട്ട് തുറന്നുപറഞ്ഞിട്ടുള്ളത് പ്രത്യേകം ശ്രദ്ധാര്‍ഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.