സ്ത്രീ കൊല്ലപ്പെട്ട സംഭവം ദുഃഖകരമാണെങ്കിലും ഇതിന്റെ പേരില്‍ പ്രദേശത്തെ എല്ലാ നായ്ക്കളെയും കൊല്ലണമെന്ന് പറയുന്നത് വിഡ്ഢിത്തമാണ്. കേരളത്തില്‍ രണ്ടര ലക്ഷം തെരുവ് നായ്ക്കളുണ്ട്. പിഴവുകളില്‍ നിന്ന് കേരളം പാഠം പഠിക്കുന്നില്ല.. കാര്യങ്ങള്‍ യഥാവിധി കൈകാര്യം ചെയ്തിരുന്നെങ്കില്‍ നായ്ക്കളുടെ കടിയേറ്റ് ആളുകള്‍ മരിക്കുന്ന സ്ഥിതി ഉണ്ടാകുമായിരുന്നില്ല. വന്ധ്യംകരിച്ച നായ്ക്കള്‍ ആരെയും കടിക്കാറില്ല. തിരുവനന്തപുരത്ത് സ്ത്രീയെ ആക്രമിച്ച നായ്ക്കളെ വന്ധ്യംകരിച്ചിരുന്നില്ല. വന്ധ്യംകരണം മാത്രമാണ് പ്രശ്നത്തെ നേരിടാനുള്ള ഒരേ ഒരു വഴി. സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി അത് നടപ്പിലാക്കണം. അതിന് എല്ലാ വിധ സഹായവും കേന്ദ്രം നല്‍കും. 60 വര്‍ഷമായി തെരുവ് നായ്ക്കളെ കൊല്ലുന്ന സംസ്ഥാനം എന്ത് നേടിയെന്ന് ചോദിച്ച മനേകാ ഗാന്ധി, രാജ്യത്ത് മറ്റൊരു സംസ്ഥാനവും ഇത്ര ദയയില്ലാതെ നായ്ക്കളെ കൊന്നൊടുക്കുന്നില്ലെന്നും ആരോപിച്ചു.
കേരള സര്‍ക്കാറിന് നൂറിലധികം തവണ താന്‍ താക്കീത് നല്‍കിയിരുന്നു. തെരുവ് നായ്ക്കളെ കൊല്ലാന്‍ നിയമം അനുവദിക്കുന്നില്ല. പക്ഷേ സംസ്ഥാനം അത് ശ്രദ്ധിക്കുന്നില്ല. എത്രയും വേഗം തെരുവ് നായ്ക്കളെ വന്ധ്യംകരിക്കണമെന്നാണ് തനിക്ക് സംസ്ഥാനത്തോട് ആവശ്യപ്പെടാനുള്ളത്. മൃഗങ്ങളുടെ പ്രജനന നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായല്ല കേരളത്തില്‍ നടക്കുന്നത്. സംസ്ഥാനത്ത് ഒരു ജില്ലയില്‍ മാത്രമാണ് വന്ധ്യംകരണം ശരിയായി നടക്കുന്നതെന്നും അവിടെ തെരുവ് നായ്ക്കളുടെ ശല്യമില്ലെന്നും മനേകാ ഗാന്ധി പറഞ്ഞു. കേരളത്തിലെ സംഭവങ്ങള്‍ താന്‍ ശ്രദ്ധിച്ചുവരികയാണെന്നും ആവശ്യമെങ്കില്‍ ഇടപെടുമെന്നും മനേകാ ഗാന്ധി പറഞ്ഞു.