പുല്‍വാമയില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തിന് ഉചിതമായ മറുപടി നല്‍കണമെന്ന് കേന്ദ്ര സര്‍‌ക്കാരിനോട് അരവിന്ദ് കെജ്രിവാൾ.

147

ദില്ലി: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തിന് ഉചിതമായ മറുപടി നല്‍കണമെന്ന് കേന്ദ്ര സര്‍‌ക്കാരിനോട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അഭ്യര്‍ത്ഥന. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവരുടെയും രക്തസാക്ഷികളുടെയും സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദക്ഷിണ ദില്ലിയില്‍ അമ്ബത് കോടിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കെജ്രിവാള്‍.

”രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള ജവാന്‍മാര്‍ക്ക് ഈ ഭീകരാക്രമണത്തില്‍ തങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടു. രാജ്യത്തിന് നേര്‍ക്കുള്ള അക്രമമായിട്ടാണ് ഈ സംഭവത്തെ നോക്കിക്കാണുന്നത്. ഈ അക്രമത്തിന് ഇന്ത്യ ഉചിതമായ മറുപടി കൊടുക്കണം. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും എടുക്കുന്ന തീരുമാനത്തിനൊപ്പം എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. എല്ലാ പിന്തുണയും നല്‍കുന്നു.” കെജ്രിവാള്‍ പറഞ്ഞു. ഇന്ത്യന്‍ മണ്ണില്‍ പാകിസ്ഥാന്റെ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം എന്നാണ് ഓരോ ഭാരതീയന്റെയും ആ​ഗ്രഹം. ജാതിയുടെയും അതിര്‍ത്തിയുടെയും മതത്തിന്റെയും വേര്‍തിരിവുകളില്ലാതെ ഈ ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടിയാണ് എല്ലാവരും ഐക്യപ്പെടുന്നതെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

നാല് വര്‍ഷം മുമ്ബാണ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആംആദ്മി സര്‍ക്കാര്‍ ദില്ലിയില്‍ അധികാരത്തിലേറിയത്. അന്ന് മുതല്‍ സ്വാതന്ത്യസമര പോരാളികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിച്ചിട്ടുളളതെന്നും കെജ്രിവാള്‍ പറഞ്ഞു. അതിനായി ദില്ലിയില്‍ സ്കൂളുകളും ആശുപത്രികളും ക്ലിനിക്കുകളും നിര്‍മ്മിക്കുന്നു. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം വെള്ളം ലഭിച്ചിട്ടില്ലാത്ത പ്രദേശങ്ങളില്‍ വരെ ശുദ്ധജലം ലഭിക്കുന്നു എന്ന് ഈ സര്‍ക്കാര്‍‌ ഉറപ്പാക്കുന്നുണ്ടെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

NO COMMENTS