ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൂടി വീരമൃത്യു വരിച്ചു. ഇതോടെ അഞ്ച് സൈനികരാണ് ഇന്ന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മൂന്ന് ഭീകരരെയും സൈന്യം വധിച്ചു. 17 മണിക്കൂര്‍ നീണ്ടുന്ന പോരാട്ടത്തിനുശേഷമാണ് സൈന്യം ഭീകരരെ കീഴ്പ്പെടുത്തിയത്.എട്ട് സൈനികര്‍ക്കും ഡിഐജി അമിത് കുമാറിനും ഏറ്റുമുട്ടലില്‍ പരിക്കേറ്റു.
ഇവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം 40 സൈനികരുടെ ജീവനെടുത്ത ആക്രമണത്തിന് നേതൃത്വം നല്കിയ ആദില്‍ അഹമ്മദ് ധറിന്റെ കൂട്ടാളികളായ ജയ്ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനിടെ സേനയ്ക്കുനേരെ വെടിവയ്പുണ്ടാവുകയായിരുന്നു.