ആറ്റുകാല്‍ പൊങ്കാല നാളെ; പൊലീസും അഗ്‌നിശമന സേന വിഭാഗവും സുരക്ഷ ശക്തമാക്കി

767

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കാളികളാകാന്‍ നഗരത്തിലെത്തുന്ന സ്ത്രീകളുടെ സുരക്ഷയ്ക്ക് പഴുതടച്ച ക്രമീകരണങ്ങളാണ് കേരള പൊലീസും അഗ്നിശമനവിഭാഗവും ഒരുക്കിയിരിക്കുന്നത്. ക്രമസമാധാന ചുമതല നിര്‍വ്വഹിക്കുന്ന കേരള പൊലീസ് 50 വനിത കമാന്റോസ് 1600 വനിത പൊലീസുകാര്‍ ഉള്‍പ്പടെ 3700 പൊലീസുകാരാണ് സുരക്ഷയൊരുക്കാന്‍ വിന്യസിക്കപ്പെട്ടിരിക്കുന്നത്.

പൊങ്കാലയിടുന്ന ഓരോ പ്രദേശവും സിസിടിവി വഴി പ്രത്യേക കണ്‍ട്രോള്‍ റൂമിലിരുന്ന് ഉന്നതോദ്യോഗസ്ഥര്‍ നിരീക്ഷിക്കും. ഇക്കുറി ആദ്യമായി ആയിരം ജനമൈത്രി വളണ്ടിയര്‍മാരും ഉണ്ടാകും. സൗജന്യ സേവനത്തിനായി എത്തിയ നിര്‍ഭയ വോളന്റീയര്‍മാരും സുരക്ഷ ക്രമീകരണത്തിന് പൊലീസിനെ സഹായിക്കുന്നു. ഇവര്‍ക്ക് ധരിക്കാനുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നും സി ഐ അടക്കമുള്ള സംഘം ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 എയ്ഡ് പൊലീസ് എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രവും പരിസരവും ട്രാഫിക്കും ഉള്‍പ്പെടെ നാല് സോണുകളായി തിരിച്ച് നാല് എസ് പിമാര്‍ക്ക് സുരക്ഷാ ചുമതല നല്‍കും. ക്ഷേത്രവും പരിസരവും ഉള്‍പ്പെടുന്ന ഇന്നര്‍ സോണിന്റെ ചുമതല പൊലീസ് ആസ്ഥാനത്തെ എസ് പി കെ എസ് വിമലിനാണ്. ക്ഷേത്രത്തിന് പുറത്ത് പൊങ്കാല നടക്കുന്ന പ്രദേശങ്ങളായ ഔട്ടര്‍ സോണിന്റെ സുരക്ഷാചുമതല ഡിസിപി അഡ്മിനിസ്‌ട്രേഷന്‍ എന്‍ രമേശ്കുമാറിനാണ്. ഗതാഗതനിയന്ത്രണവും പാര്‍ക്കിങ്ങിനുമായുള്ള ട്രാഫിക് സോണിന്റെ ചുമതലയും എമര്‍ജന്‍സി സോണിന്റെ ചുമതലയും ഓരോ എസ് പി മാരുടെ നേതൃത്വത്തില്‍ ആയിരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ എസ് സുരേന്ദ്രന്‍ അറിയിച്ചു.എട്ടു സ്ഥലങ്ങളില്‍ വനിതാ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു പ്രവര്‍ത്തിക്കും. കൂടാതെ എല്ലാ കണ്‍ട്രോള്‍ റൂമിലും വനിതാ എസ്‌ഐമാരുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡസ്‌കും പ്രവര്‍ത്തിക്കും. ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശനിരീക്ഷണം നടത്തും. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഇതു കൂടാതെ 105 സ്ഥലങ്ങളില്‍ സിസിടിവി ക്യാമറ നിരീക്ഷണമുണ്ടാകും. സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിനു പുറമേ ആറ്റുകാല്‍ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂമിലും എയ്ഡ് പോസ്റ്റുകളിലും ദൃശ്യങ്ങള്‍ നിരീക്ഷിക്കും.അനുവദനീയമായതിലും കൂടുതല്‍ ശബ്ദത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് മൈക്ക്‌സെറ്റും മറ്റ് അനുബന്ധ ഉപകരണങ്ങളും കണ്ടുകെട്ടും. പൊങ്കാലയുമായി ബന്ധപ്പെട്ട് സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍ തുടങ്ങിയവര്‍ നടത്തുന്ന നിര്‍ബന്ധിത പിരിവ് വിലക്കിയിട്ടുണ്ട്. അങ്ങനെയുള്ളവര്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിക്കും. ഗതാഗതം തടസപ്പെടുത്തുന്ന രീതിയിലുള്ള വഴിയോര കച്ചവടവും പാര്‍ക്കിങ്ങും അനുവദില്ല. അന്നദാനവും പാനീയവും വിതരണം നടത്തുന്ന വ്യക്തികളും സംഘടനകളും അധികാരികളില്‍നിന്നും അനുമതി വാങ്ങണം. വാഹനം തടഞ്ഞുനിര്‍ത്തി പാനീയവിതരണം നടത്തി ഗതാഗത തടസ്സം ഉണ്ടാക്കുന്നവര്‍ക്കെതിരെയും നിയമനടപടിയുണ്ടാവും.ഉത്സവ മേഖലയില്‍ സംശയകരമായ സാഹചര്യത്തില്‍ ആള്‍ക്കാരെയോ വസ്തുക്കളെയോ കണ്ടാല്‍ കണ്‍ട്രോള്‍ റൂം നമ്ബറായ 100 ലോ കണക്റ്റ് ടു കമീഷണര്‍ നമ്ബറായ 9497975000 എന്ന നമ്ബറിലോ ആറ്റുകാല്‍ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂം നമ്പറുകളായ 04712455719, 2454719 എന്നിവയിലോ അറിയിക്കണം. ക്രൈം സ്റ്റോപ്പര്‍ 1090, വനിതാ ഹെല്പ് ലൈന്‍ 1091, 9995399953 , പിങ്ക് കണ്‍ട്രോള്‍ 1515 എന്നീ നമ്പരുകളിലും വിവിരങ്ങള്‍ അറിയിക്കാം.അഗ്‌നിശമന വിഭാഗവും സുരക്ഷക്രമീകരണവുമായി രംഗത്തുണ്ട്. നാലു മേഖലകളായി തിരിച്ച് വിപുലമായ ഒരുക്കങ്ങളാണ് അഗ്‌നിരക്ഷാ വകുപ്പ് നടത്തിയിരിക്കുന്നത്. ആറ്റുകാല്‍, കിഴക്കേക്കോട്ട, തമ്പാനൂര്‍, സ്റ്റാച്യൂ എന്നിങ്ങനെ തിരിച്ചാണ് ക്രമീകരണങ്ങള്‍. ഓരോ മേഖലയിലും ഒരു ജില്ലാ ഓഫീസര്‍ക്കാണ് ചുമതല. രണ്ടു റീജ്യണല്‍ ഫയര്‍ ഓഫീസര്‍മാര്‍, നാലു ജില്ലാ ഫയര്‍ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 40 ഓഫീസര്‍മാരടക്കം 400 ഓളം ജീവനക്കാരെയാണ് നിയോഗിക്കുന്നത്. 13 വാട്ടര്‍ ടെണ്ടറുകള്‍, 19 വാട്ടര്‍ മിസ്റ്റ് ടെണ്ടറുകള്‍, അഞ്ച് വാട്ടര്‍ ലോറികള്‍, 18 ആംബുലന്‍സുകള്‍, 18 ജില്ലകള്‍, ആറു ബുള്ളറ്റുകള്‍ എന്നിങ്ങനെ വാഹനങ്ങളും ട്രോളി മൗണ്ടഡ് വാട്ടര്‍ മിസ്റ്റ് സിസ്റ്റം, ഫയര്‍ എക്സ്റ്റിംഗ്യൂഷറുകള്‍ എന്നിവയും സജ്ജീകരിക്കുന്നുണ്ട്.തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ നിന്നുള്ള ജീവനക്കാരെയും വാഹനങ്ങളും നിയോഗിക്കുന്നുണ്ട്. ആറ്റുകാല്‍ ക്ഷേത്ര പരിസരത്ത് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പൊങ്കാല ദിവസങ്ങളില്‍ സ്വീകരിക്കേണ്ട അഗ്‌നിസുരക്ഷാ മുന്‍കരുതലുകള്‍ സംബന്ധിച്ച് നഗരത്തിലെ പെട്രോള്‍ പമ്പുകള്‍, സിനിമാ തീയറ്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പൊങ്കാല ദിവസം ആവശ്യമായ വെള്ളം എത്തിക്കാന്‍ ക്രമീകരണം ഉണ്ടാക്കിയിട്ടുണ്ട്.

നെറ്റ് മലയാളം റിപ്പോർട്ടർ : ഐശ്വര്യ അനിൽ

NO COMMENTS