ഇന്ത്യക്കെതിരെ സൈനിക നീക്കം പാടില്ലെന്ന് പാക്കിസ്ഥാനോട് സൗദി.

183

റിയാദ്‌ : ഇന്ത്യക്കെതിരെ സൈനിക നീക്കം പാടില്ലെന്ന് പാകിസ്ഥാനോട് സൗദി ആവശ്യപ്പെട്ടു. സൗദി വിദേശകാര്യമന്ത്രി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയെ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.പ്രശ്‌നപരിഹാരത്തിന് ഇടപെടാന്‍ തയ്യാറെന്നും സൗദി സന്നദ്ധത അറിയിച്ചു.

അബുദാബിയില്‍ നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ന് പുറപ്പെടാനിരിക്കെയാണ് സൗദിയുടെ ഇടപെടല്‍ എന്നത് ശ്രദ്ധേയമാണ്. എഒസി സമ്മേളനത്തില്‍ ഇന്ത്യയെ വിശിഷ്ടാതിഥി ആക്കിയതില്‍ പ്രതിഷേധിച്ച്‌ പാകിസ്ഥാന്‍ സമ്മേളനം ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എഒസി സമ്മേളനത്തില്‍ ഇന്ത്യ, പാകിസ്ഥാന്‍ സംഘര്‍ഷം സംബന്ധിച്ച നിലപാട് ഇന്ത്യ വ്യക്തമാക്കും. എഒസി സംയുക്തമായോ അംഗരാജ്യങ്ങള്‍ സ്വന്തം നിലയിലോ ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാണ്.

ഇതിനിടെ ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ വാങ് യി പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയെ ഫോണില്‍ വിളിച്ചുവെന്ന വാര്‍ത്തയും പുറത്തുവന്നു. ഇരു രാജ്യങ്ങളും മിതത്വം പാലിക്കുമെന്ന് വാങ് യി പ്രത്യാശ പ്രകടിപ്പിച്ചു. സ്ഥിതിഗതികളില്‍ ആശങ്കയുണ്ടെന്നും രണ്ട് രാജ്യങ്ങളുടേയും പരമാധികാരം ബഹുമാനിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തി കടന്നുള്ള തീവ്രവാദം തടയണമെന്ന് പാകിസ്ഥാനോട് അമേരിക്കന്‍ ആഭ്യന്തര കാര്യ മന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ ഇന്ത്യയുടെ സിആര്‍പിഎഫ് സൈനികര്‍ക്ക് എതിരെ നടന്നതുപോലെയുള്ള ആക്രമണങ്ങള്‍ മേഖലയുടെ സുരക്ഷയ്ക്ക് വന്‍ ഭീഷണിയാണ്. പാകിസ്ഥാന്‍ ഭീകരസംഘടനകളുടെ സുരക്ഷിത താവളം ആകരുതെന്നും അമേരിക്ക ആവര്‍ത്തിച്ചു. ഭീകരര്‍ക്ക് സാമ്ബത്തികസഹായം എത്തുന്നത് തടയണം. ഐക്യരാഷ്ട്ര സഭ സുരക്ഷാസമിതി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അമേരിക്ക പാകിസ്ഥാനോട് നിര്‍ദ്ദേശിച്ചു.

അതിര്‍ത്തി കടന്നുള്ള എല്ലാത്തരം സൈനിക നീക്കവും ഇന്ത്യയും പാകിസ്ഥാനും ഉടന്‍ അവസാനിപ്പിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു . അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്ക്കാനുള്ള അടിയന്തര നടപടികള്‍ രണ്ട് രാജ്യങ്ങലും ഉടന്‍ എടുക്കണമെന്നും നേരിട്ടുള്ള ആശയവിനിമയം പുനസ്ഥാപിക്കണമെന്നും അമേരിക്ക ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു

NO COMMENTS