പത്തനംത്തിട്ട : മാറ്റത്തിന്റെ മാറ്റൊലി ആദ്യം ഉയരേണ്ടത് ക്യാമ്പസുകളില്‍ നിന്നാണെന്ന് മന്ത്രി കെ ടി ജലീല്‍. മണക്കാല ഐ എച്ച് ആര്‍ ഡി എന്‍ജിനീയറിങ് കോളേജ് പഠന കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അറിവ് പകരേണ്ട കേന്ദ്രം മാത്രമല്ല മനുഷ്യന്‍ എന്ന വാക്കിന്റെ അര്‍ത്ഥം. അതിന്റെ സമ്പൂര്‍ണതയില്‍ ഉള്‍ക്കൊണ്ടുകൊണ്ട് ജീവിക്കാനുള്ള പാഠങ്ങള്‍ നമ്മള്‍ പഠിക്കുന്നത് വിദ്യാഭ്യസ സ്ഥാപനങ്ങളില്‍ നിന്നാണ്. മതനിരപേക്ഷബോധം വളരേണ്ടത് ക്യാമ്പസുകളില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ നാടിന്റെ ബഹുസ്വരതയെ അതിന്റെ ശരിയായ രീതിയില്‍ ഉള്‍കൊള്ളാന്‍ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കേണ്ടത് അധ്യാപകരാണ്. രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളെ ഉയര്‍ത്തി പിടിക്കാനായി കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ വ്യവഹാര ഭൂമിയായി ക്യാമ്പസുകളെ വീണ്ടും പരിവര്‍ത്തിപ്പിക്കുവാനുള്ള ശ്രമവും അറിവും സാങ്കേതിക വിജ്ഞാനവും അവര്‍ക്ക് പകര്‍ന്നു നല്‍കണമെന്നും മന്ത്രി പറഞ്ഞു.
കോളേജിന് സ്ഥലം നല്‍കിയവരെയും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും കോളേജില്‍ പഠിച്ച് ഉന്നത പദവികള്‍ അലങ്കരിക്കുന്ന പൂര്‍വ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു. ചിറ്റയം ഗോപകുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റോ ആന്റണി എം പി മുഖ്യാതിഥി ആയിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ബി സതികുമാരി, ഏറത്ത് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി സി രാമന്‍, രാജേഷ് അമ്പാടി, പി.ബി ഹര്‍ഷകുമാര്‍, സജു അലക്സാണ്ടര്‍, ഐ എച്ച് ആര്‍ ഡി ഡയറക്ടര്‍ പി.സുരേഷ് കുമാര്‍, കോളേജ് ഓഫ് എന്‍ജിനീറിങ് പ്രിന്‍സിപ്പല്‍ വി.കെ ജയശ്രീ, പി ടി എ പ്രസിഡന്റ് കുര്യന്‍ ബഹനാന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് സുരൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച് കേരളത്തിലെ പ്രമുഖ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍, ദൂരദര്‍ശന്‍, കെ എസ് ഇ ബി, ഫയര്‍ ഫോഴ്‌സ്, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, എക്സൈസ്, കുടുംബശ്രീ, അനര്‍ട്ട്, മില്‍മ മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവ പങ്കെടുക്കുന്ന ശാസ്ത്രസാങ്കേതിക പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. കോളേജിലെ വിവിധ പരീക്ഷണ ശാലകള്‍ സന്ദര്‍ശിക്കുന്നതിന് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യം ഒരുക്കിയിരുന്നു. രണ്ടു ദിവസം നീണ്ട പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യമായിരുന്നു.
21310 ചതുരശ്രയടി വിസ്തൃതിയില്‍ മൂന്നു നിലകള്‍ക്കുള്ള അടിത്തറയോടുകൂടിയ കെട്ടിടത്തിന്റെ രണ്ടു നിലകളാണ് പൂര്‍ത്തീകരിച്ചത്. താഴത്തെ നിലയില്‍ സെമിനാര്‍ ഹാള്‍, സ്റ്റാഫ് റൂം, രണ്ട് മെക്കാനിക്കല്‍ ലാബുകളും , മൂന്ന് ഇലക്ട്രിക്ക് ലാബ്കള്‍ എന്നിവയും ഒന്നാമത്തെ നിലയില്‍ ആറു ക്ലാസ് റൂമുകളും, രണ്ട് ലാബുകളും, സ്റ്റാഫ്റൂമുകളും ക്രമീകരിച്ചിട്ടുണ്ട്. നബാര്‍ഡ് സഹായത്തോടെ 4.75 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്.