അമൃത്സര്‍: പാകിസ്ഥാന് കസ്റ്റഡിയിലായിരുന്ന ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ ഇന്ത്യക്കു കൈമാറി. പാകിസ്ഥാന് അധികൃതര്‍ വാഗാ അതിര്‍ത്തിയില്‍ എത്തിച്ച അഭിനന്ദനെ വ്യോമ സേനയുടെ ഗ്രൂപ്പ് കമന്‍ഡാന്റ് ജെ.ഡി. കുര്യന് സ്വീകരിച്ചു. വാഗാ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ മെഡിക്കല്‍ പരിശോധനയ്ക്കുശേഷം റെഡ്ക്രോസിന്റെ സാന്നിധ്യത്തിലാണ് അഭിനന്ദനെ ഇന്ത്യക്കു കൈമാറിയത്.
അഭിനന്ദനെ കൈമാറുന്നതിനോട് അനുബന്ധിച്ച് അട്ടാരി-വാഗാ അതിര്‍ത്തിയിലെ പതാക താഴ്ത്തല്‍ (ബീറ്റിംഗ് റിട്രീറ്റ്) ചടങ്ങ് ബിഎസ്എഫ് റദ്ദാക്കിയിരുന്നു. അന്താരാഷ്ട്ര ശ്രദ്ധ നേടാനുള്ള പാക്കിസ്ഥാന്റെ നീക്കം തടയാനാണ് റദ്ദാക്കല്‍.
ലാഹോറിലെത്തിച്ച അഭിനന്ദനെ വൈകുന്നേരം നാലോടെയാണു വാഗാ അതിര്‍ത്തിയിലെത്തിച്ചത്. അഭിനന്ദിനെ സ്വീകരിക്കാനായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഉന്നത സൈനിക ഉദ്യോഗസ്ഥരും അമൃത്സറില് എത്തിയിരുന്നു. ഇന്ത്യയിലെത്തുന്ന അഭിനന്ദനെ മെഡിക്കല്‍ ചെക്കപ്പിന് വിധേയനാക്കിയ ശേഷം ഡി ബ്രീഫിംഗ് നടക്കും. ഇതിനുശേഷം മാധ്യമങ്ങളെ കാണാന്‍ അനുവദിക്കും.
ഇന്ത്യയിലേക്ക് അതിക്രമിച്ചു കടന്ന പാക് വ്യോമസേനയുടെ എഫ്-16 വിമാനം പിന്തുടരുന്നതിനിടെയാണ് അഭിനന്ദന്റെ വിമാനം മിസൈലേറ്റു തകര്‍ന്നത്.