തിരുവനന്തപുരം: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ വി.ജെ തങ്കപ്പന് (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വവസതിയിലായിരുന്നു അന്ത്യം. 1987 മുതല്‍ 1991 വരെ ഇ.കെ നയനാര്‍ മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്നു. പ്രോട്ടേം സ്പീക്കര്‍, നെയ്യാറ്റിന്‍കര നഗരസഭ ചെയര്മാന് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ അരളുമൂട്ടില്‍ ജോണ്‍സന്റെ മകനായാണ് ജനനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ വി.ജെ രണ്ട് വര്‍ഷം കെഎസ്ആര്‍ടിസിയില്‍ ക്ലര്‍ക്കായി ജോലിചെയ്തു. വിദ്യാര്‍ഥിയായിരിക്കുമ്ബോള്‍ എസ്എഫ്ഐയില്‍ ചേര്‍ന്ന അദ്ദേഹം പിന്നീട് സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകനായി.
1983 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ ആദ്യമായി നിയമസഭയിലെത്തി. കെ. കരുണാകരന്റെ മണ്ഡലം പിടിച്ചെടുത്താണ് വി.ജെ ചരിത്രമെഴുതിയത്. 1982 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കെ. കരുണാകരന് നേമം നിയമസഭാമണ്ഡലത്തോടൊപ്പം മാള നിയമസഭാമണ്ഡലത്തിലും മല്‍സരിച്ച് വിജയിച്ചു.
മാള മണ്ഡലം നിലനിര്‍ത്തിയ കരുണാകരന് നേമം മണ്ഡലത്തില്‍ നിന്ന് രാജിവച്ചു. ഇതിനെ തുടര്‍ന്നാണ് 1983 ല്‍ നേമം ഉപതെരഞ്ഞെടുപ്പ് നടന്നത്. പിന്നീട് 1987 ലും 1991 ലും നേമം നിയോജകമണ്ഡലത്തെ പ്രതിനിധികരിച്ച വി.ജെ 2006 ല്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.