പിതാവിന്റെ മരണാനന്തര ചടങ്ങിന് പോവുകയായിരുന്ന യുവാവ് വാഹനാപകടത്തില്‍ മരിച്ചു.

197

വെഞ്ഞാറമൂട്: എറണാകുളം പാങ്കോട് മൂലഞ്ചേരി ഹൗസില്‍ താമസിക്കുന്ന അനീഷ് ചന്ദ്രന്‍(41) ആണ് മരിച്ചത്. കെ.എസ്..ആര്‍.ടി.സി. ബസും കാറും കൂട്ടിയിച്ചാണ് മരണം. ഇന്നലെ രാവിലെ 5.30ന് എം.സി. റോഡില്‍ വെഞ്ഞാറമൂടിനു സമീപം തൈക്കാട് ആയിരുന്നു അപകടം. അനീഷ് ഓടിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ തിരുവനന്തപുരത്തു നിന്ന് ആലുവയിലേക്കു പോവുകയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്ന് സ്റ്റിയറിംഗിനിടയില്‍ കുടുങ്ങിയ അനീഷിനെ നാട്ടുകാരും ബസിലെ യാത്രക്കാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴി മദ്ധ്യേമരിച്ചു. അനീഷിന്റെ പിതാവ് ശശിധരന്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്. മുംബയില്‍ നിന്നെത്തിയ അനീഷ് നെയ്യാറ്റിന്‍കരയിലുള്ള കുടുംബ വീട്ടില്‍ നടന്ന സംസ്‌കാരചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് കോലഞ്ചേരിയിലുള്ള ഭാര്യാ വീട്ടിലേക്ക് പോയ അനീഷ്‌ ഞായറാഴ്ച രാവിലെയുള്ള മരണാനാന്തര ചടങ്ങുകള്‍ക്കായി നെയ്യാറ്റിന്‍കരയിലേക്ക് മടങ്ങി വരുന്നതിനിടെയാണ് അപകടം. പ്രീജയാണ് അനീഷ് ചന്ദ്രന്റെ ഭാര്യ. മൂന്ന് മാസം പ്രായമുള്ള അദ്വൈത മകള്‍.

NO COMMENTS