ശബരിമല നട ഇന്ന് തുറക്കും.

314

പത്തനംതിട്ട: ഉത്സവ-മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. യുവതീപ്രവേശനത്തിന് ശേഷം കഴിഞ്ഞ കുറച്ചു മാസങ്ങളായി നിലനില്‍ക്കുന്ന പിരിമുറുക്കം ഇല്ലാതെയാണ് ഇക്കുറി നട തുറക്കുന്നത്. മുന്‍പത്തേതില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി ശബരിമലയില്‍ വിന്യസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടതില്ലെന്ന നിലപാടിലാണ് ജില്ലാ കളക്ടര്‍ പിബി നൂഹ്.

പതിനൊന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഉത്സവ,മീനമാസ പൂജകള്‍ക്കായാണ് നടതുറക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത് വരുന്നത് കൂടെ കണക്കിലെടുത്ത് സുരക്ഷാ സേനാംഗങ്ങളുടെ എണ്ണത്തില്‍ ഇത്തവണ കുറവുണ്ട്. 300 സുരക്ഷാ സേനാംഗങ്ങള്‍ മാത്രമായിരിക്കും സന്നിധാനം, നിലക്കല്‍,പമ്ബ എന്നിവിടങ്ങളിലായി ഉണ്ടാകുക. കഴിഞ്ഞ മാസ പൂജക്ക് 1500 ഓളം പൊലീസ് സേനാംഗങ്ങളുണ്ടായിരുന്നു.

സ്ത്രീപ്രവേശന വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പറയാത്തതിനാല്‍ തന്നെ യുവതികളും ദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്നാല്‍ യുവതികളെ തടയുമെന്ന നിലപാടിലുറച്ച്‌ ശബരിമല കര്‍മ്മ സമിതി ഉള്‍പ്പെടെ രംഗത്തുണ്ട്. നിലവിലെ സാഹചര്യത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിലപാട്.

കടുത്ത വേനലില്‍ പമ്ബ വറ്റി വരണ്ടതിനാല്‍ കുള്ളാര്‍ ഡാം തുറന്ന് വെള്ളം വിടുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. പ്രളയത്തില്‍ മണ്ണിനടയിലായ പമ്ബയിലെ ആറാട്ട് കടവ് വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇവിടെ വെള്ളമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നിലക്കല്‍ – പമ്ബ സര്‍വ്വീസിനായി 60 ബസ്സുകള്‍ എത്തിക്കുമെന്ന് കെ.എസ്.ആര്‍.ടി അറിയിച്ചിട്ടുണ്ട്.

NO COMMENTS