കേരളത്തില്‍ ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ; ഏപ്രില്‍ നാലുവരെ പത്രിക സമര്‍പ്പിക്കാം ; പത്രിക പിന്‍വലിക്കാനുള്ള അവസാന തീയത‌ി ഏപ്രില്‍ എട്ട്

177

തിരുവനന്തപുരം : കേരളത്തില്‍ ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ഏപ്രില്‍ 23ന‌് ഒറ്റഘട്ടമായി നടക്കും. വോട്ടെടുപ്പിനുശേഷം ഒരുമാസം കഴിഞ്ഞ‌് മെയ‌് 23നാണ‌് വോട്ടെണ്ണല്‍. ഏപ്രില്‍ നാലുവരെ പത്രിക സമര്‍പ്പിക്കാം. അഞ്ചിനാണ്‌ സൂക്ഷ്‌മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയത‌ി ഏപ്രില്‍ എട്ടാണ്‌. 17–ാം ലോക‌്സഭയില്‍ കേരളത്തില്‍നിന്നുള്ള ഇരുപത‌് പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ രണ്ടരക്കോടി പേര്‍ക്കാണ‌് വോട്ടവകാശം. 2,54,08,711 വോട്ടര്‍മാരില്‍ 1,31,11,189 പേര്‍ വനിതകളാണ‌്. പുരുഷന്മാര്‍ 1,22,974,03. ഈ വര്‍ഷം ജനുവരി 30 വരെയുള്ള കണക്കാണിത‌്.

2014ല്‍ 2,43,26650 വോട്ടര്‍മാരുണ്ടായിരുന്നു. ഇക്കുറി 119 ട്രാന്‍സ‌്‌ജന്‍ഡര്‍മാര്‍ വോട്ടര്‍പട്ടികയിലുണ്ട‌്. കഴിഞ്ഞതവണ ആരുമുണ്ടായിരുന്നില്ല. പ്രവാസി വോട്ടര്‍മാര്‍–66,584. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലം മലപ്പുറമാണ‌്–13,40,547. പത്തനംതിട്ട 13,40,193, തിരുവനന്തപുരം 13,34,665 തൊട്ടുപിന്നില്‍. കുറവ‌് വോട്ടര്‍മാരുള്ളത‌് ഇടുക്കി–1176099. കോട്ടയം 1,177,931, ചാലക്കുടി 1,18,25,268 എന്നിവ അടുത്ത സ്ഥാനങ്ങളില്‍. 2715 പോളിങ‌് സ‌്റ്റേഷനുകളാണ‌് സംസ്ഥാനത്തുള്ളത‌്.

2014ല്‍ ഏപ്രില്‍ പത്തിനായിരുന്നു തെരഞ്ഞെടുപ്പ‌്. വോട്ടെണ്ണല്‍ മെയ‌് 16നും. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച‌് എല്‍ഡിഎഫ‌് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. മണ്ഡലം കണ്‍വന്‍ഷനുകളും ആരംഭിച്ചു. ഞായറാഴ‌്ച പാലക്കാട്ടാണ‌് ആദ്യ കണ്‍വന്‍ഷന്‍ നടന്നത‌്. നാലു ദിവസങ്ങള്‍ക്കുള്ളില്‍ ഇരുപത‌് മണ്ഡലങ്ങളിലെയും കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാകും. സിപിഐ എം 16 സീറ്റിലും സിപിഐ നാലിടത്തുമാണ‌് മത്സരിക്കുന്നത‌്.അതേസമയം യുഡിഎഫിന‌് സ്ഥാനാര്‍ഥിനിര്‍ണയം കീറാമുട്ടിയായി തുടരുന്നു. മുസ്ലിംലീഗ‌് മാത്രമാണ‌് പ്രഖ്യാപിച്ചത‌്.

മുഖ്യകക്ഷിയായ കോണ്‍ഗ്രസില്‍ അടിതുടരുകയാണ‌്. ചര്‍ച്ചകള്‍ എങ്ങുമെത്താത്ത സാഹചര്യത്തില്‍ നേതാക്കള്‍ കൂട്ടത്തോടെ ഡല്‍ഹിയിലേക്കുപോയി. ഹൈക്കമാന്‍ഡ‌് തീരുമാനിക്കുന്ന സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച‌് രണ്ടു ദിവസത്തിനുള്ളില്‍ ലിസ‌്റ്റുമായി മടങ്ങാമെന്ന പ്രതീക്ഷയിലാണ‌് ഡല്‍ഹിയിലേക്ക‌് വിമാനം കയറിയത‌്. ഒരു സ്ഥാനാര്‍ഥിയെപ്പോലും ജയിപ്പിക്കാനാകുമെന്ന പ്രതീക്ഷയില്ലെങ്കിലും ബിജെപിയുടെ സ്ഥിതിയും വ്യത്യസ്തമല്ല.

NO COMMENTS