മലപ്പുറം: എസ്ഡിപിഐയുമായി രഹസ്യ ചര്‍ച്ച നടത്തേണ്ട ഒരു കാര്യവും മുസ്ലിംലീഗിനില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഹോട്ടലില്‍ വന്ന സമയത്ത് എസ്ഡിപിഐ നേതാക്കളും അവിടെ ഉണ്ടായിരുന്നു. എന്നല്ലാതെ മറ്റൊരു ചര്‍ച്ചയും നടന്നിട്ടില്ല. അവര്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതാണ്. പിന്നെന്തിനാണ് ചര്‍ച്ച നടത്തേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ലീഗ് നേതാക്കളും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുമായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ കൊണ്ടോട്ടി തുറക്കലിലെ കെടിഡിസിയുടെ ടാമറിന്‍ഡ് ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തിയതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ പിന്തുണ തേടിയാണ് ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തിയതെന്നാണ് അഭ്യൂഹം. എന്നാല്‍ എസ്ഡിപിഐ നേതാക്കളുമായി യാദൃശ്ചികമായി കണ്ടുമുട്ടിയതാണെന്നാണ് ഇ.ടി.മുഹമ്മദ് ബഷീറിന്റെ പ്രതികരണം. കൂടിക്കാഴ്ച നടത്തിയെന്നത് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി നേരത്തെ നിഷേധിച്ചിരുന്നു.ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ മുസ്ലിം ലീഗ് നേതാക്കള്‍ എസ്ഡിപിഐ നേതാക്കളുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തിയ സംഭവം പുറത്തായത് ലീഗിനെ പ്രതിരോധത്തിലാക്കി.