ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും തർക്കം. ഉമ്മൻ ചാണ്ടി മത്സരിക്കേണ്ടത് അനിവാര്യമാണെന്നും മൂന്ന് മണ്ഡലങ്ങളിലെ ജയസാധ്യത അദ്ദേഹത്തെ ആശ്രയിച്ചാണെന്നും നേതാക്കൾ ദേശീയ നേതൃത്വത്തോട് വ്യക്തമാക്കിയെന്നാണ് വിവരം. ഇടുക്കി, പത്തനംതിട്ട എന്നീ മണ്ഡലങ്ങളിലൊന്നിൽ ഉമ്മൻ ചാണ്ടി വേണമെന്നാണ് നേതാക്കളുടെ പ്രധാന ആവശ്യം. ഇവിടെ മുതിര്‍ന്ന സ്ഥാനാര്‍ഥികള്‍ മത്സരിച്ചാലെ വിജയിക്കാനാവൂ എന്നാണ് നേതാക്കളുടെ അഭിപ്രായം .എന്നാൽ ഉമ്മൻചാണ്ടി ഇതുവരെ മത്സരിക്കാൻ തയാറായിട്ടില്ല
സ്ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ച് ഗ്രൂപ്പ് തർക്കവും നിലനിൽക്കുന്നുണ്ടെന്നാണ് വിവരം. വയനാട്ടില്‍ ടി.സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. എന്നാല്‍ ഐ ഗ്രൂപ്പ് കെ.പി.അബ്ദുള്‍ മജീദിനെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി എന്നാണ് സൂചന .
ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന് വേണ്ടി എ ഗ്രൂപ്പ് ശക്തമായി രംഗത്തെത്തുണ്ട്. എന്നാൽ, ഇത് അംഗീകരിക്കാനാകില്ലെന്നും ജോസഫ് വാഴയ്ക്കനെ പരിഗണിക്കണമെന്നുമാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം.
വടകരയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്റെ പേരാണ് അവസാനമായി പരിഗണിക്കുന്നതെന്നാണ് സൂചന. ആലപ്പുഴ, വടകര, വയനാട്, ഇടുക്കി, കാസർഗോഡ് മണ്ഡലങ്ങളാണ് സ്ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ച് ധാരണയാകാത്തതെന്നാണ് നേതാക്കളോട് അടുത്തവൃത്തങ്ങൾ നൽകുന്ന വിവരം.