ചണ്ഡീഗഡ്: ഹരിയാന വനിതാ കോളേജിലെ കണക്ക് പ്രൊഫസറായ ചരണ്‍ സിങ് എന്ന അധ്യാപകൻ വിദ്യാര്‍ത്ഥിനികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ പ്രണയത്തിന്റെ സൂത്രവാക്യങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിച്ചതാണ് സസ്പെൻഷനിൽ കലാശിച്ചത് . പ്രണയത്തിന്റെ മൂന്ന് സമവാക്യങ്ങളാണ് അദ്ധ്യാപകന്‍ കുട്ടികള്‍ക്കായി പകര്‍ന്നു കൊടുത്തത്. പ്രണയബന്ധവും കുടുംബ ജീവിതവും എല്ലാം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെയും വിദേശത്തെയും ബന്ധങ്ങളുടെ നിലനില്‍പ്പ് എന്നിങ്ങനെ സങ്കീര്‍ണമായ വിഷയങ്ങള്‍ വെറും മൂന്ന് സമവാക്യങ്ങള്‍ കൊണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പഠിപ്പിക്കുകയായിരുന്നു ചരണ്‍.
പ്രായമേറുന്തോറും ശാരീരികാര്‍ഷണം കുറയുമെന്നും അപ്പോള്‍ ഭാര്യയും ഭര്‍ത്താവും സുഹൃത്തുക്കളായി തീരുന്നുവെന്നും ചരണ്‍ സിംഗ് പറയുന്നു. അടുപ്പം കുറയുമ്ബോഴാണ് പരസ്പരം കലഹിക്കുന്നതെന്നും പ്രൊഫസര്‍ പറയുന്നു. വിദേശ രാജ്യങ്ങളില്‍ ഈ ഘടകങ്ങളില്‍ ഏതെങ്കിലും ഒന്ന് കുറഞ്ഞാല്‍ തന്നെ അവര്‍ ബന്ധം അവസാനിപ്പിക്കും എന്നാല്‍ ഇന്ത്യയില്‍ അങ്ങനെയല്ലെന്നും ചരണ്‍ സിംഗ് വിശദീകരിക്കുന്നു.
ക്ലാസിലിരുന്ന ഒരു വിദ്യാര്‍ത്ഥിനി സമവാക്യ ക്ലാസ് മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. പ്രൊഫസറിന്റെ ക്ലാസ് കേട്ട് വിദ്യാര്‍ഥിനികള്‍ ചിരിക്കുന്നതും ഓരോസമവാക്യം വിശദീകരിക്കുമ്ബോഴും അവര്‍ ശരിവെക്കുന്നതും വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. എന്നാല്‍ എങ്ങനെയോ വീഡിയോ കോളേജ് പ്രിന്‍സിപ്പാളിന് മുന്നിലെത്തിയതോടെ അദ്ധ്യാപകനോട് പ്രിന്‍സിപ്പാള്‍ വിശദീകരണം തേടിയെങ്കിലും ഉടന്‍ തന്നെ അദ്ധ്യാപകനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു.