ലോക ജലദിനം ആചരിച്ചു – ജലവും മണ്ണും സംരക്ഷിച്ചുള്ള സുസ്ഥിര ജലവിനിയോഗം വേണം -ഗവർണർ പി. സദാശിവം

190

തിരുവനന്തപുരം : ജലവും മണ്ണും സംരക്ഷിക്കാനാവുംവിധമുള്ള സുസ്ഥിരവും സംയോജിതവുമായ ജലവിനിയോഗ മാർഗങ്ങൾ നാം ആലോചിക്കണമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. സർക്കാരുകളും ജനങ്ങളും ജലസംരക്ഷണം കൂട്ടുത്തരവാദിത്തമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ലോക ജലദിനാചരണത്തിന്റെയും സെമിനാറിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു ഗവർണർ.മരങ്ങളും മലകളും നദികളും ഒക്കെയായി പ്രകൃതി വിഭവങ്ങൾ സമൃദ്ധമായിട്ടും വരൾച്ചയും ജലക്ഷാമവും കേരളത്തിൽ ഒരു യാഥാർഥ്യമാണ്. മുൻകാലങ്ങളിൽ അശാസ്ത്രീയമായി ജലവും പ്രകൃതി വിഭവങ്ങളും ഉപയോഗിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തതിന്റെ ഫലമാണിത്. 2018ലെ പ്രളയം നമുക്ക് പാഠവും മുന്നറിയിപ്പുമാകണം. ഭൂഗർഭ ജലനിരപ്പ് ക്രമേണ കുറയുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത് ഉയർത്തുക എന്നതാണ് നമ്മുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. മേൽമണ്ണ് നഷ്ടമാകുന്നതും ജലം നിലനിർത്തുന്നതിന് തടസ്സമാകുന്നുണ്ട്. അരുവികളും കുളങ്ങളും പുനരുദ്ധരിക്കുന്നതും നവീകരിക്കുന്നതും ജലം ശേഖരിക്കാനുള്ള ശേഷി വർധിപ്പിക്കും. ഉപരിതല ജലത്തിന്റെ കാര്യത്തിലും ശാസ്ത്രീയമായ ഇടപെടൽ വേണം. അങ്ങനെയുണ്ടായാൽ വരൾച്ചയും പ്രളയവും മറികടക്കാൻ കഴിയും. സുസ്ഥിരവും സംയോജിതവുമായ പദ്ധതികളിലൂടെ ജനങ്ങൾക്കും കർഷകർക്കും വ്യവസായികൾക്കും ജലലഭ്യത ഉറപ്പാക്കണം. ഉൾപ്രദേശങ്ങളിലുള്ളവർക്കും ശുദ്ധമായ കുടിവെള്ളം ലഭിക്കണം. മഴവെള്ള സംരക്ഷണത്തിനും ശാസ്ത്രീയമായ രീതികൾ പിന്തുടരണം. കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും വരുംകാലങ്ങളിലുണ്ടാക്കാവുന്ന പ്രതിസന്ധികൾ നേരിടാൻ മുന്നൊരുക്കങ്ങളാണ് ആവശ്യം. 2030 ഓടെ വരാവുന്ന ജലക്ഷാമവും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഉപയോഗിക്കാവുന്ന ജലത്തിന്റെ പകുതിയോളം പാഴായിപോകുമ്പോൾ ലക്ഷക്കണക്കിന് ജനങ്ങൾക്ക് കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്. ജലസംരക്ഷണ മാർഗങ്ങൾ കൃഷിയിടങ്ങളിലും അവലംബിക്കണം. ഡ്രിപ്പ്, മൈക്രോ ജലസേചനം ഇതിന് ഗുണം ചെയ്യും. ഇപ്പോഴും കൃഷിയിൽ സജീവമായ വ്യക്തിയാണ് താൻ. നാട്ടിൽ 30 ഏക്കർ കൃഷിയിടത്തിൽ ഡ്രിപ്പ്, മൈക്രോ പദ്ധതികൾ മുഖേന ജലസേചനം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS