കേരള ഹൈകോടതി നിയമിച്ച ശബരിമല നിരീക്ഷണ സമിതിക്ക് എതിരെ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയും,
പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം എര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജിയും,ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുളള റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യവും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും.
ഫെബ്രുവരി ആറിനാണ് 56 പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേട്ടത്. കേസില്‍ കോടതി വിധി പറയാനിരിക്കെയാണ് ഡീ ടാഗ് ചെയ്ത ഈ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയില്‍ വരുന്നത്.മണ്ഡലക്കാലസമയത്തെ നിരോധനാജ്ഞ ചോദ്യം ചെയ്തും യുവതീപ്രവേശത്തെ എതിര്‍ത്തുമുളള മുപ്പത്തിരണ്ടില്‍പ്പരം ഹര്‍ജികള്‍ ഹൈക്കോടതിയില്‍ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടത് കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ്. മൂന്നുമാസത്തിന് ശേഷമാണ് സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി പരിഗണിക്കുന്നത്.
ഇതിനിടെ ഭൂരിഭാഗം ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. ഒന്‍പത് ഹര്‍ജികള്‍ മാത്രമാണ് ഇനി ഹൈക്കോടതിയുടെ പരിഗണനയിലുളളത്. ഈ ഹര്‍ജികള്‍ സ്റ്റേ ചെയ്യണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെടും. എന്നാല്‍, മണ്ഡലക്കാലം അവസാനിച്ചതിനാല്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചിന്റെ നിലപാട് നിര്‍ണായകമാകും.
സാധാരണ ക്രമസമാധാന വിഷയങ്ങളില്‍ കോടതി ഇടപെടാറില്ലെങ്കിലും ശബരിമലയില്‍ നിരീക്ഷണ സമിതിയെ നിയമിക്കുക വഴി കേരള ഹൈക്കോടതി പോലീസിന്റെ അധികാര പരിധിയിലുള്ള വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്.
ക്രമസമാധാന പാലനം, തിരക്ക് നിയന്ത്രിക്കുക തുടങ്ങിയ കേരള പോലീസിന്റെ ഉത്തരവാദിത്വത്തില്‍ തീരുമാനം എടുക്കാനും ഇടപെടാനും നിരീക്ഷണ സമിതിക്ക് ഹൈകോടതി അനുമതി നല്‍കിയത് പോലീസിന്റെ സ്വാതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.
അതേസമയം, മണ്ഡലക്കാലസമയത്ത് നിലയ്ക്കല്‍ പമ്ബ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി മുപ്പത് ശതമാനം അധികചാര്‍ജ് വാങ്ങുന്നതും പമ്ബയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം എര്‍പ്പെടുത്തിയതും ചോദ്യം ചെയ്ത് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബു സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജിയും സുപ്രീംകോടതി പരിഗണിക്കും.