വിശാലമായി തന്നെ ആഗ്രഹിക്കുക…ചിന്തിക്കുക…അതിനുള്ള ധൈര്യം പോലുമില്ലാതെ ഇടുങ്ങിയ പരിധിക്കുള്ളിൽ ആഗ്രഹങ്ങളേയും, ചിന്തകളേയും തളച്ചിട്ടാൽ ബൃഹത്തായ കാര്യങ്ങൾ ചെയ്യാനാവില്ല. ഉള്ളിലെവിടെയാണ് അതിന്റെ അടിവേരുകൾ നിലയുറപ്പിച്ചിരിക്കുന്നത് എന്ന് യാഥാര്ഥ്യബോധ്യത്തോടെ അവലോകനം ചെയത് പരിശ്രമത്തിലൂടെ കരസ്ഥമാക്കുക. അതിന് “ഹാർഡ് വർക്ക്” ചെയ്യേണ്ടതില്ല, പകരം “സ്മാർട് വർക്ക്” ചെയ്യുക.
ജീവിതത്തെ കുറിച്ചുള്ള പുസ്തകങ്ങൾ വാങ്ങി വായിച്ചാൽ അറിവു നേടാം എന്നല്ലാതെ ജീവിതം പഠിപ്പിച്ചു തരാൻ ആ പുസ്തകങ്ങൾക്ക് സാധ്യമല്ല. എങ്ങനെ നീന്തൽ പഠിക്കാം എന്നുള്ള പുസ്തകം വാങ്ങി വായിച്ചു പഠിച്ചു നീന്താനിറങ്ങിയാലുള്ള അവസ്ഥ എന്തായിരിക്കും? അതിൽ നിന്ന് ആദ്യപടിയായ അറിവ് നേടാമെന്നല്ലാതെ അതിന്റെ യഥാര്ഥലക്ഷ്യത്തിലേക്കെത്തിച്ചേരാൻ നിരന്തര പരിശ്രമം കൂടിയേ തീരൂ.അത്യുത്സാഹത്തോടെയും, ഉന്മേഷത്തോടെയും പരിശ്രമിക്കുക. അത് നമ്മിൽ പോസിറ്റീവ് എനർജി നിറയ്ക്കും. ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിച്ച് അത് രൂപപ്പെടുത്തിയെടുക്കേണ്ടത് നമ്മുടെ തന്നെ കരങ്ങളാണ്.
പഠനത്തിൽ മോശമായതിനെ തുടർന്ന് അമേരിക്കയിലെ സകല സ്കൂളുകളിൽ നിന്നും പുറത്താക്കപ്പെട്ട കുട്ടി പിന്നീട് ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞനായി മാറിയ തോമസ് ആൽവാ എഡിസനെ പോലുള്ള എത്രയോ ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ആഗ്രഹം നമ്മെ കർമനിരതരാക്കുന്ന ശക്തിയാവണം. ആഗ്രഹങ്ങളും, പ്രതീക്ഷകളും, പരിശ്രമങ്ങളുമാണ് നമ്മെ ജീവിത വിജയത്തിലേക്കെത്തിക്കുന്നത്.
മാറ്റം നമ്മളിൽ നിന്നു തന്നെയാവട്ടെ..! മനസ്സ് ആശയങ്ങളുടെയും അറിവിന്റെയും അക്ഷയഖനിയാണ്. അത് നമ്മുടെ കാഴ്ചപ്പാടിലും ചിന്താശക്തിയിലുമൊക്കെ വലിയ സമ്മര്ദം ചെലുത്തി വേറിട്ട വഴികളിലൂടെ സഞ്ചരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. ലോകത്തിൽ നടക്കുന്ന ഏതൊരു സംഭവ വികാസങ്ങളുടെയും സ്രോതസ് മനസ്സാണ്. അതിന്റെ ആശയം ആദ്യം ഉത്ഭവിക്കുന്നത് അതിനു പിന്നിൽ പ്രവർത്തിക്കുന്നവരുടെ മസ്തിഷ്കത്തിൽ നിന്നാണ് . അവിടെയാണ് അതിന്റെ വിസ്ഫോടനങ്ങൾ നടക്കുന്നത്. പിന്നീട് ആ ആശയങ്ങളെ റിയാലിറ്റിയിലേക്ക് കൊണ്ടുവരിക മാത്രമാണ് ചെയ്യുന്നത്. അപാര സാധ്യതയുള്ളവനാണ് മനുഷ്യൻ.
അവന്റെ ചിന്തകൾക്ക് അപാര ശക്തിയുണ്ട്. ആർക്കുമാർക്കും പ്രവചിക്കാൻ കഴിയാത്ത മുൻ പ്രവചനങ്ങളെല്ലാം തെറ്റി പോയേക്കാവുന്ന അത്ഭുതസിദ്ധിയാണ് മനുഷ്യന്റെ ചിന്താശക്തി. നല്ല രീതിയിൽ ചിന്തകളെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്ന ഒരു വ്യക്തിക്ക് ജീവിതത്തിൽ നല്ല അനുഭവങ്ങൾ ഉണ്ടായികൊണ്ടിരിക്കും. നാം ഉള്ളിൽ പേറുന്ന ചിന്തകൾ വാക്കുകളിലൂടെയും, കർമങ്ങളിലൂടെയും യാഥാര്ഥ്യമാകുമ്പോൾ അത് സമൂഹത്തിൽ വിപ്ലവങ്ങൾ തന്നെ സൃഷ്ടിക്കുന്നു.
നാം ചെയ്ത കർമങ്ങളുടെ ഫലമായി നമ്മെ തേടിയെത്തുന്നതാണ് നേട്ടം. സുഗന്ധമുള്ള പൂക്കളെ അന്വേഷിച്ച് വണ്ടുകൾ എത്തും എന്നു പറയുന്ന പോലെ, ഒരു കുതിരവണ്ടിയെ നിയന്ത്രിക്കുക എന്ന് പറഞ്ഞാൽ അതിനെ ഒരു ഭാഗത്ത് കെട്ടിയിട്ട് നിയന്ത്രിക്കലല്ല. ഓടിച്ച് കൊണ്ടിരിക്കേ നിയന്ത്രിക്കലാണ്. അതുപോലെ യുക്തിഭദ്രമായ ചിന്തകളാൽ നമ്മുടെ മനസിനെ നിയന്ത്രിക്കാൻ നമുക്ക് സാധിക്കണം.നാം.
നമ്മുടെ ചിന്തകൾ കർമങ്ങൾ സമൂഹത്തിന്റെ പാർശ്വങ്ങളിലേക്ക് തിരസ്ക്കരിക്കപ്പെട്ട എത്രയോ ജന്മങ്ങൾക്ക് വെളിച്ചമായി മാറാൻ സാധിക്കണം. നമ്മുടെ ഭാവി നാം ഇപ്പോൾ എന്താണോ ചെയ്യുന്നത് അതിനെ ആശ്രയിച്ചിരിക്കും. അതിനാൽ ഉന്നതവും ശ്രേഷ്ഠവുമായ കർമങ്ങളാൽ നമ്മുടെ ഇന്നിനെ മാറ്റി തീർക്കേണ്ടതുണ്ട്. “വിതയ്ക്കുന്നതേ കൊയ്യാനാവൂ” നാം സ്വയം മാറാൻ തയ്യാറാവാതെ ലോകത്തിൽ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കുകയില്ല. മാറ്റം നമ്മളിൽ നിന്നു തന്നെയാവട്ടെ..!
സനുജ സതീഷ്