കോഴിക്കോട്: വയനാട്ടിൽ പത്രികാസമർപ്പണത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ബുധനാഴ്ച കേരളത്തിലെത്തും. രാത്രി എട്ടരയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം കോഴിക്കോട് പി.ഡബ്ല്യു.ഡി. ഗസ്റ്റ് ഹൗസിലേക്ക് പോവും. സഹോദരിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയും ഒപ്പമുണ്ടാവും. പ്രിയങ്ക നഗരത്തിലെ മറ്റൊരു ഹോട്ടലിലാവും താമസമെന്നാണ് വിവരം.
രാത്രി ഉന്നത കോൺഗ്രസ്, യു.ഡി.എഫ്. നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾ ഉൾപ്പെടെ ചർച്ചചെയ്യും. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ വയനാട്ടിലേക്ക് പുറപ്പെടും. കല്പറ്റ എസ്.കെ.എം.ജെ. ഹൈസ്കൂൾ മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങും. അവിടന്ന് റോഡ് ഷോ ആയി നാമനിർദേശ പത്രിക നൽകാൻ കളക്ടറേറ്റിലേക്ക് പോകും.
തുടർന്ന് മണ്ഡലത്തിലെ പ്രധാന പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുക്കും. സുരക്ഷാ ഏജൻസിയുടെ അനുമതി ലഭിച്ചശേഷമേ പരിപാടികളിൽ അന്തിമ തീരുമാനമാവുകയുള്ളൂവെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.