ന്യൂഡല്‍ഹി: നായകന് ശ്രേയസ് അയ്യരുടെയും ഓപ്പണര്‍ ശിഖര്‍ ധവാന്റെയും അര്‍ധ സെഞ്ചുകളുടെ മികവിലാണ് പഞ്ചാബിനെ ഡല്‍ഹി പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു.
രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഡല്‍ഹി ലക്ഷ്യം മറികടന്നത്. 49 പന്തില്‍ ഒരു സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 58 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ പുറത്താകാതെ നിന്നു. അയ്യരോടൊപ്പം 56 റണ്‍സെടുത്ത ശിഖര്‍ ധവാനും ഡല്‍ഹി വിജയത്തില്‍ സുപ്രധാന പങ്കു വഹിച്ചു. നാലാം ഓവറില്‍ 13 റണ്‍സെടുത്ത പൃഥ്വി ഷായെ നഷ്ടമായതിനു ശേഷം ധവാനും അയ്യരും ചേര്‍ന്ന് അടിച്ചുകൂട്ടിയ 92 റണ്‍സിന്റെ കൂട്ടുകെട്ട് ഡല്‍ഹിയെ വിജയക്കുറി അണിയിച്ചത്. ഋഷഭ് പന്ത് ആറ് റണ്‍സും കോളിന് ഇന്‍ഗ്രാം 19 റണ്‍സും നേടി. പഞ്ചാബിനായി ഹാര്‍ഡസ് വില്ജോണ് രണ്ട് വിക്കറ്റും മുഹമ്മദ് ഷാമി ഒരു വിക്കറ്റും നേടി.
നേരത്തെ ക്രിസ് ഗെയിലിന്റെ അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് പഞ്ചാബ് 163 റണ്‍സെടുത്തത്. 37 പന്തില്‍ അഞ്ച് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 69 റണ്‍സാണ് ഗെയില്‍ നേടിയത്. മന്ദീപ് സിംഗ് 30 റണ്‍സും ഹര്‍പ്രീത് 20 റണ്‍സും നേടി. മറ്റ് ബാറ്റ്സമാന്‍മാര്‍ക്ക് തിളങ്ങാനായില്ല. ഡല്‍ഹിക്കായി സന്ദീപ് ലമിച്ഛാനെ മൂന്ന് വിക്കറ്റും അക്സര്‍ പട്ടേലും റബാഡയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.