അമ്പലപ്പുഴ ∙ വസ്തു തർക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കരുമാടി വില്ലേജ് ഓഫിസിൽ തർക്കം കയ്യാങ്കളിയിൽ കലാശിച്ചു. വില്ലേജ് ഓഫിസർ ആർ. രഞ്ജിത്തും അമ്പലപ്പുഴ തെക്കു പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും ഏറ്റുമുട്ടി. വില്ലേജ് ഓഫിസറെ സ്ഥലം മാറ്റി. ഇരുവരും പരാതി നൽകി.
കരുമാടി വില്ലേജ് ഓഫിസർ ആർ. രഞ്ജീവും അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ ബി. രവികുമാറും തമ്മിലാണ് സംഘർഷമുണ്ടായത്. തുടർന്ന് വില്ലേജ് ഓഫിസിൽ സംഘർഷവും ഉണ്ടായി. വസ്തു തർക്കവുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫിസിലെത്തിയ ദമ്പതികളോട് വില്ലേജ് ഓഫിസർ മോശമായി പെരുമാറിയതറിഞ്ഞാണ് സംഭവസ്ഥലത്ത് രവികുമാറെത്തിയത്.
തുടർന്നെത്തിയ ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് ജി. വേണുലാലിനോടും വില്ലേജ് ഓഫിസർ തട്ടികയറിയതാണ് സംഘർഷത്തിനിടയാക്കിയത്. തഹസീൽദാർ ആശാ എബ്രഹാം സ്ഥലത്തെത്തി വില്ലേജ് ഓഫിസറെ സ്ഥലം മാറ്റി. അമ്പലപ്പുഴ വില്ലേജ് ഓഫിസർക്ക് കരുമാടി വില്ലേജിന്റെ അധിക ചുമതലയും നൽകി. രവികുമാർ ജില്ലാ കലക്ടർ, അമ്പലപ്പുഴ സിഐ എന്നിവർക്ക് പരാതി നൽകി.