വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

205

ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരാണസിയിൽ മത്സരിക്കില്ല. അജയ് റായ് ആയിരിക്കും വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുകയെന്ന് കോൺഗ്രസ് വ്യക്തമാക്കി. 2014 തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു അജയ് റായ്.

വാരാണസിയിൽ പ്രധാനമന്ത്രി മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വാരാണസിയിലെ പ്രിയങ്കയുടെ സ്ഥാനാർഥിത്വം വലിയ ആകാംഷയോടെയാണ് രാജ്യം ഉറ്റുനോക്കിയിരുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇതു സംബന്ധിച്ച് സൂചന നൽകിയിരുന്നു.

മോദിക്കെതിരെ കോൺഗ്രസിന്റെ ശക്തയായ സ്ഥാനാർഥിയായി പ്രിയങ്കയെ അവതരിപ്പിക്കുമെന്നായിരുന്നു ഇതുവരെയുള്ള വിലയിരുത്തൽ. അതിലൂടെ മണ്ഡലത്തിൽ മത്സരം ശക്തമാക്കാമെന്നും കോൺഗ്രസിന് രാഷ്ട്രീയമായി വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നും വിലയിരുത്തപ്പട്ടിരുന്നു.

പ്രിയങ്ക മത്സരിക്കുകയാണെങ്കിൽ മറ്റു പ്രതിപക്ഷ കക്ഷികൾ സ്ഥാനാർഥികളെ നിർത്തില്ലെന്നും സൂചനയുണ്ടായിരുന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വാരാണസിയിൽ അരവിന്ദ് കെജ്രിവാളായിരുന്നു മോദിക്കു പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയത്.

NO COMMENTS