ന്യൂഡല്‍ഹി: വിമാനം പറത്താന്‍ മദ്യപിച്ചെത്തി പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കിപ്പെട്ട പൈലറ്റിനു സ്ഥാനക്കയറ്റം നല്കി എയര്‍ ഇന്ത്യ. ഇദ്ദേഹത്തെ റീജണല്‍ ഡയറക്ടറായാണ് ഉയര്‍ത്തിയത്. മൂന്നു മാസത്തിനിടെ രണ്ടു തവണ ആല്‍ക്കഹോള്‍ പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റ് അരവിന്ദ് കത്പാലിയയ്ക്കാണ് എയര്‍ ഇന്ത്യ സ്ഥാനക്കയറ്റം നല്‍കിയത്.
വടക്കന്‍ മേഖലയുടെ ഡയറക്ടറായി ബുധനാഴ്ച കത്പാലിയ സ്ഥാനം ഏറ്റെടുക്കും. പങ്കജ് കുമാര്‍ വടക്കന്‍ മേഖല ഡയറക്ടര്‍ സ്ഥാനത്തുനിന്നും വിരമിക്കുന്ന ഒഴിവിലേക്കാണ് കത്പാലിയയുടെ നിയമനം. കഴിഞ്ഞ നവംബറില്‍ ആണ് കത്പാലിയ മദ്യപിച്ചു വിമാനം പറത്താനെത്തി ആല്‍ക്കഹോള്‍ പരിശോധനയില്‍ പിടിയിലായത്.
ഡല്‍ഹി-ലണ്ടന്‍ വിമാനം പറത്താനെത്തിയ കത്പാലിയ ആല്‍ക്കഹോള്‍ പരിശോധനയില്‍ പിടിക്കപ്പെടുകയായിരുന്നു. അടുത്ത ദിവസം അദ്ദേഹത്തിന്റെ വിമാനം പറത്തുന്നതിനുള്ള ലൈസന്‍സ് മൂന്നു വര്‍ഷത്തേക്ക് ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടര്‍ ജനറല്‍ സസ്പെന്‍ഡ് ചെയ്തു. ഓപ്പറേഷന് ഡയറക്ടര്‍ സ്ഥാനത്തുനിന്നു കത്പാലിയയെ വ്യോമയാന മന്ത്രാലയം നീക്കുകയും ചെയ്തു. എന്നാല്‍ ഒരാഴ്ചയ്ക്കു ശേഷം എയര്‍ ഇന്ത്യ അദ്ദേഹത്തെ എക്സിക്യുട്ടീവ് ഡയറക്ടറായി നിയമിച്ചു. മുന്‍പ് 2018 ഓഗസ്റ്റിലും മദ്യപിച്ച് വിമാനം പറത്താനെത്തിയതിനു ഇദ്ദേഹത്തെ പിടികൂടിയിരുന്നു.