ലണ്ടൺ: ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിഫൈനലിൽ അയാക്സ് ആംസ്റ്റർഡാമിന് വിജയം. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ടോട്ടനം ഹോട്സ്പറിനെ അവരുടെ ഹോം ഗ്രൗണ്ടിൽ 1-0 ത്തിനാണ് അയാക്സ് മലർത്തിയടിച്ചത്.
അയാക്സിന് വേണ്ടി 15-ാം മിനിറ്റിൽ മധ്യനിര താരം ഡോണി വാൻ ഡെ ബീക് ആണ് നിർണായക ഗോൾ നേടിയത്. തുടർന്ന് ടോട്ടനം നടത്തിയ മുന്നേറ്റങ്ങളെ അയാക്സ് പണിപ്പെട്ട് തടഞ്ഞു നിർത്തി. രണ്ടാം പകുതിയിൽ അയാക്സിന്റെ ഡേവിഡ് നെരസിന്റെ ഷോട്ട് പോസ്റ്റിൽ ഇടിച്ച് പുറത്തുപോയി.
കളിക്കിടെ ആദ്യ പകുതിയിൽ ടോട്ടനത്തിന്റെ ജാൻ വർടൊങ്കൻ സഹതാരവുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നു. വീണ്ടും കളത്തിലിറങ്ങിയ വർടൊങ്കന് പക്ഷെ തുടരാൻ സാധിച്ചില്ല. അവശതയെ തുടർന്ന് തിരികെ പോകേണ്ടി വന്നു.പകരക്കാരനായി വന്ന സിസ്സോക്കൊ ടോട്ടനത്തിന്റെ മധ്യനിരയെ കൂടുതൽ ശക്തിപ്പെടുത്തി. എങ്കിലും ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടിൽ ഗോൾ നേടാൻ കഴിഞ്ഞതോടെ സെമി ഫൈനലിൽ അയാക്സിന് മുൻതൂക്കം ലഭിച്ചിരിക്കുകയാണ്.
അയാക്സ് പ്രീക്വാർട്ടറിൽ റയൽ മഡ്രിഡിനെയും ക്വാർട്ടറിൽ യുവെന്റസിനെയും മറികടന്നാണ് സെമി ഫൈനലിൽ കടന്നത്. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയാണ് ടോട്ടനം സെമിയിലെത്തിയത്.