മുംബയ്: മഹാരാഷ്ട്രയിലെ ഗഡ്‌ചിറോളിയില്‍ മാവോയിസ്‌റ്റ് സംഘം നടത്തിയ ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മാവോയിസ്‌റ്റ് ബാധിത മേഖലയായ ഗഡ്‌ചിറോളിയില്‍ സേനാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം വിദൂരനിയന്ത്രിത സംവിധാനം ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന 15 സൈനികരും ഒരു ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു.
ആക്രമണത്തിന് പിന്നാലെ മാവോയിസ്‌റ്റുകള്‍ സൈനികര്‍ക്ക് നേരെ വെടിവച്ചു. പ്രദേശത്ത് ഇപ്പോഴും സുരക്ഷാ സേനയും മാവോയിസ്‌റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായാണ് വിവരം. അതേസമയം, ആക്രമണം ഉണ്ടായതായി പ്രതിരോധ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരണസംഖ്യ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.മാവോയിസ്‌റ്റ് ബാധിത മേഖലയിലൂടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് വഴിയില്‍ കുഴിച്ചിട്ടിരുന്ന കുഴിബോംബ് പൊട്ടിയത്. വിദൂര നിയന്ത്രണ സംവിധാനത്തിലൂടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
സ്‌ഫോനത്തില്‍ വാഹനം ചിന്നിച്ചിതറി. വാഹനത്തിലുണ്ടായിരുന്ന 16 പേരും തത്സമയം തന്നെ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ മാവോയിസ്‌റ്റുകള്‍ വാഹനത്തിന് നേരെ വെടിവച്ചു. സംഭവമറിഞ്ഞ് കൂടുതല്‍ സൈനികര്‍ സ്ഥലത്തെത്തിയെങ്കിലും അക്രമിസംഘം രക്ഷപ്പെട്ടു. എന്നാല്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയ സൈനികര്‍ക്ക് നേരെ ഇപ്പോഴും മാവോയിസ്‌റ്റുകള്‍ വെടിയുതിര്‍ക്കുന്നതായാണ് വിവരം.അതേസമയം പ്രശ്‌ന ബാധിത പ്രദേശത്ത് കൂടി സഞ്ചരിക്കുമ്ബോള്‍ വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. മേഖലയില്‍ കഴിഞ്ഞ ദിവസം സുരക്ഷാസേനയുടെ 27 വാഹനങ്ങള്‍ മാവോയിസ്‌റ്റുകള്‍ അഗ്നിക്കിരയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ആക്രമണമുണ്ടായത്.
പ്രശ്‌ന ബാധിത പ്രദേശങ്ങളിലൂടെ സാധാരണ സൈനിക വാഹനങ്ങള്‍ സഞ്ചരിക്കുന്നത് കോണ്‍വോയ് അടിസ്ഥാനത്തിലാണ് എന്നാല്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനിക വാഹനത്തിന് വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും ആരോപണമുണ്ട്.