ചെന്നൈ:കേരളത്തിൽ ഐഎസ് ആക്രമണപദ്ധതിയിട്ടെന്ന സൂചനയുടെ പശ്ചാത്തലത്തിലാണ് പരിശോധന. കുംഭകോണം, കാരയ്ക്കൽ, രാമനാഥപുരം എന്നിവിടങ്ങളിലെ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട്, തൗഹീദ് ജമാ അത്ത് എന്നീ സംഘടനകളുടെ ഓഫീസുകളിലാണ് പരിശോധന നടത്തിയതെന്നാണു റിപ്പോർട്ട്. കേരളത്തിൽ നിന്നെത്തിയ എൻഐഎ സംഘവും റെയ്ഡിൽ പങ്കെടുത്തു. അടുത്തിടെ ഡിഎംകെ നേതാവ് രാമലിംഗം കൊല്ലപ്പെട്ട സംഭവത്തിൽ ഈ സംഘടനയുടെ പ്രവർത്തകർക്ക് പങ്കുണ്ടെന്ന് എൻഐഎയ്ക്കു സൂചന ലഭിച്ചിട്ടുണ്ട്.
ശ്രീലങ്കയിലെ കൂട്ടക്കുരുതിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിൽനിന്നാണ് തമിഴ്നാട് ബന്ധത്തിന്റെ സൂചന എൻഐഎയ്ക്കു ലഭിക്കുന്നത്. റിയാസിനു കാസർഗോഡ് കേന്ദ്രീകരിച്ച് 2016 ജൂലൈയിൽ നടന്ന ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) റിക്രൂട്ട്മെന്റുമായി ബന്ധമുള്ളതായി കണ്ടെശത്തിയിരുന്നു. അന്ന് ഐഎസിൽ ചേരാൻ കാസർഗോഡുനിന്നു 14 പേർ അഫ്ഗാനിസ്ഥാനിലേക്കും ഒരാൾ സിറിയയിലേക്കും കടന്നിരുന്നു.
കേരളത്തിൽ ചാവേർ ബോംബ് സ്ഫോടനങ്ങൾ നടത്താൻ റിയാസ് ലക്ഷ്യമിട്ടിരുന്നു. ഇതിനായി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനിടയിലാണ് എൻഐഎയുടെ കസ്റ്റഡിയിലാകുന്നത്. ഐഎസിൽ ചേർന്ന മലയാളികളാണു സ്ഫോടനം നടത്താൻ നിർദേശം നൽകിയത്. വിനോദസഞ്ചാരികൾ അധികമെത്തുന്ന കൊച്ചിയിലെ സ്ഥലങ്ങളിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി. എന്നാൽ, ഒപ്പമുള്ളവർ പിന്തുണച്ചില്ല. എന്നിട്ടും സ്ഫോടനത്തിനു വേണ്ട കാര്യങ്ങൾ താൻ ഒരുക്കിവരികയായിരുന്നുവെന്നു റിയാസ് എൻഐഎയ്ക്കു മൊഴി നൽകിയതായാണു റിപ്പോർട്ട്.
ശ്രീലങ്കയിൽ സ്ഫോടനം നടത്തിയ ചാവേറുകൾ കേരളത്തിലും തമിഴ്നാട്ടിലുമെത്തിയിരുന്നു എന്ന വിവരത്തെത്തുടർന്നാണ് എൻഐഎ തെരച്ചിൽ ശക്തമാക്കിയത്. കേരളത്തിലും ചാവേർ ആക്രമണത്തിനു തീവ്രവാദികൾ പദ്ധതിയിട്ടിരുന്നതായി എൻഐഎ വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
ശ്രീലങ്കയിലെ സ്ഫോടനങ്ങൾക്കു പിന്നിൽ തങ്ങളാണെന്ന് അവകാശപ്പെട്ട് ഐഎസ് അറബിയിലും ഇംഗ്ലീഷിലും തമിഴിലും മലയാളത്തിലും വീഡിയോ ഇറക്കിയിരുന്നു. തങ്ങളുടെ ശേഷി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ യുവാക്കളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മലയാളത്തിലും തമിഴിലും പ്രസ്താവന ഇറക്കിയതെന്നാണ് വിദേശ ഏജൻസികളുടെ വിലയിരുത്തൽ. മലബാർ മേഖലയിലെ ചില ജില്ലകളിൽ ഐഎസിൻറെ പ്രവർത്തനം സജീവമാണെന്നും ദേശീയ അന്വേഷണ ഏജൻസി കരുതുന്നു.