കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ 199 കള്ളവോട്ടുകളുടെ വിവരങ്ങൾ കോൺഗ്രസ് കളക്ടർക്ക് കൈമാറി.

206

കണ്ണൂർ:വോട്ടറുടെ പേരും ക്രമനമ്പറും ആ പേരിൽ കള്ളവോട്ടുചെയ്ത ആളുടെ പേരും ക്രമനമ്പറും ബൂത്തും ഉൾപ്പടെയുള്ള വിവരങ്ങളാണ് കൈമാറിയത്. കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ 199 കള്ളവോട്ടുകളുടെ വിവരങ്ങൾ കോൺഗ്രസ് കളക്ടർക്ക് കൈമാറി. ധർമടം മണ്ഡലത്തിലെ ഒരു ബൂത്തിൽ കള്ളവോട്ടുചെയ്യുന്ന വീഡിയോ ദൃശ്യവും കൈമാറി. പാർട്ടി നിയമിച്ച നിയോഗിച്ച അന്വേഷണസമിതിയാണ് ഈ വിവരങ്ങൾ കളക്ടർക്ക് കൈമാറിയത്.

ധർമടം, മട്ടന്നൂർ, പേരാവൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ വിവരങ്ങളാണ് പരാതിയിൽ പറയുന്നത്. സഹോദരനും സഹോദരിയും ചേർന്ന് സ്വന്തം വോട്ടുൾപ്പെടെ ഒമ്പത് വോട്ടുകൾ ചെയ്തതായി അഭിഭാഷകന്റെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തി. കുറ്റിയാട്ടൂർ പഞ്ചായത്തിലെ 172-ാം ബൂത്തിലാണ് ഇവർ ഒമ്പത് വോട്ടുചെയ്തത്.

തളിപ്പറമ്പ് മണ്ഡലത്തിൽ ആകെ 77 പേർ കള്ളവോട്ട് ചെയ്തതിൽ 17 പേർ സ്ത്രീകളാണ്. പരിയാരം മുൻ പഞ്ചായത്തംഗമായ നളിനിശിവൻ, കെ.എ. മാലതി എന്നയാളിന്റെ വോട്ട് ചെയ്തതായി പറയുന്നു. ധർമടത്തെ 22 പരാതികളിൽ ആറുപേർ സ്ത്രീകളാണ്. ഇതിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. ഇവിടെ ചേട്ടന്റെ വോട്ട് അനിയനും അച്ഛന്റെ വോട്ട് മകനും ചെയ്തു. പേരാവൂർ മണ്ഡലത്തിൽ 35 കള്ളവോട്ട് പരാതികളിൽ ആറുപേർ സ്ത്രീകളാണ്. ഇവിടെ രണ്ടുപേർ നാലുവോട്ടുവീതം ചെയ്തിട്ടുണ്ട്. മൂന്നുപേർ മൂന്നുവോട്ട് വീതവും.

മട്ടന്നൂർ മണ്ഡലത്തിൽ 65 പരാതിയാണുള്ളത്. ഇതിൽ പതിനൊന്നും സ്ത്രീകൾ കള്ളവോട്ട് ചെയ്തതായാണ്. 104-ാം നമ്പർ ബൂത്തിലെ ഒരു വനിതാവോട്ടർ സ്വന്തം വോട്ടുൾപ്പെടെ അഞ്ച് വോട്ട് ചെയ്തു. 153-ാം നമ്പർ ബൂത്തിൽ ഒരാൾ രണ്ടുവോട്ട് ചെയ്തത് അടുത്തടുത്ത ക്രമനമ്പർ പ്രകാരമാണ്. വോട്ടർപട്ടികയിൽ 917, 918 ക്രമനമ്പറുകൾ ഒരേയാളാണെന്നാണ് അച്ചടിച്ചിട്ടുള്ളത്. ഇയാൾ അടുത്തടുത്ത് രണ്ടുവോട്ടും ചെയ്തു. പോളിങ് ഉദ്യോഗസ്ഥർ അറിഞ്ഞുകൊണ്ടല്ലാതെ ഇതു പറ്റില്ലെന്ന് പരാതിയിൽ പറയുന്നു.

NO COMMENTS