തിരുവനന്തപുരം: : ഫോനി ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കിയ ഒഡീഷയ്ക്ക് കേരളം പത്ത് കോടി രൂപ സഹായമായി നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഈ തുക നല്‍കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. ആവശ്യപ്പെട്ടാല്‍ വിദഗ്ധ സംഘത്തെ കേരളം അയക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
നേരത്തെ, ഒഡീഷയില്‍ ഫോനി ചുഴലിക്കാറ്റിന് ഇരയായ ജനങ്ങളുടെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും കേരളത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് പിണറായി വിജയന്‍ അറിയിച്ചരുന്നു. ഫോനി ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായ ഒഡീഷയ്ക്ക് ആയിരം കോടി ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.
ഫോനിയെ നേരിടുന്നതില്‍ ഒഡീഷ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ മോദി അഭിനന്ദിച്ചു. കേന്ദ്രവും സംസ്ഥാനസര്‍ക്കാരും ഒരുമിച്ചു നിന്ന് പ്രവര്‍ത്തിച്ചുവെന്ന് പ്രധാനമന്ത്രി വിലയിരുത്തി. ഒഡീഷയിലെ ഫോനി ദുരിത ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു.
മുഖ്യമന്ത്രി നവീന്‍ പട്നായ്ക്, കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രദാന്‍ എന്നിവര്‍ ക്കൊപ്പം ഹെലികോപ്റ്റിറില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ നിരീക്ഷിച്ചത്. 30 പേരാണ് ഒഡീഷയില്‍ കൊല്ലപ്പെട്ടത്. പുരിയിലാണ് നാശ നഷ്ടങ്ങളേറെയും. 14,835 ഗ്രാമങ്ങളെയും 46 പട്ടണങ്ങളെയും ചുഴലിക്കാറ്റ് ബാധിച്ചു. കെട്ടിടം, റോഡ് എന്നിവയുടെ നഷ്ടം മാത്രം 12000 കോടി രൂപ വരുമെന്നാണ് സര്‍ക്കാരിന്‍റെ പ്രാഥമിക കണക്ക്.