ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂള്‍-ടോട്ടനം ഇംഗ്ലീഷ് ഫൈനല്‍

149

ആംസ്റ്റർഡാം: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇത് ഇംഗ്ലീഷ് ക്ലബുകളുടെ അവിശ്വസനീയ തിരിച്ചുവരവിന്റെ കാലം. ബാഴ്സയെ തകർത്ത ലിവർപൂളിൽ നിന്ന് ഊർജം ഉൾക്കൊണ്ട ടോട്ടനം ഹോട്സ്പർ ആംസ്റ്റർഡാമിലെ യൊഹാൻ ക്രൈഫ് അരീനയിൽ അയാക്സ് ആംസ്റ്റർഡാമിനെ വീഴ്ത്തി ഫൈനലിൽ പ്രവേശിച്ചു. കൂടുതൽ എവെ ഗോളുകൾ അടിച്ചതിന്റെ ബലത്തിലാണ് ടോട്ടനത്തിന്റെ കന്നി ഫൈനൽ പ്രവേശം. അങ്ങനെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ ഒരു ഓൾ ഇംഗ്ലീഷ് ഫൈനലായി. ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ കളിക്കുന്ന നാൽപതാമത്തെ ടീമെന്ന ബഹുമതിയും ടോട്ടനം സ്വന്തമാക്കി.

ആദ്യപാദത്തിൽ ഒരു ഗോളിന് തോറ്റ്, രണ്ടാപാദത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഗോൾ ലീഡ് വഴങ്ങിയശേഷമായിരുന്നു ടോട്ടനത്തിന്റെ ഉജ്വല തിരിച്ചുവരവ്. രണ്ടാംപാദത്തിൽ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്കാണ് അവർ വിജയിച്ചത്. ബ്രസീലിയൻ സ്ട്രൈക്കർ ലൂക്കാസ് മൗറയുടെ ഹാട്രിക്കാണ് സ്പേഴ്സിന് അത്ഭുതവിജയം സമ്മാനിച്ചത്. അവസാന വിസിലിന് നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഫൈനൽ ടിക്കറ്റ് ഉറപ്പിച്ച ഗോൾ മൗറയുടെ ബൂട്ടിൽ നിന്നു പിറന്നത്. 55, 59 മിനിറ്റുകളിലായിരുന്നു ആദ്യ രണ്ട് ഗോളുകൾ.

അഞ്ചാം മിനിറ്റിൽ മിന്നുന്നൊരു ഹെഡ്ഡറിലൂടെ യുവതാരം മാത്യാസ് ഡിലിറ്റാണ് അയാക്സിനെ ആദ്യം മുന്നിലെത്തിച്ചത്. 35-ാം മിനിറ്റിൽ ടോട്ടനം പ്രതിരോധത്തെ ഞെട്ടിച്ചൊരു ഇടങ്കാലൻ വെടിയുണ്ട കൊണ്ട് ഹക്കിം സിയെക്ക് ലീഡുയർത്തി.

അയാക്സ് 3-0 എന്ന ഗോൾശരാശരിയിൽ അനായാസമായി തന്നെ ഫൈനലിൽ പ്രവേശിക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് രണ്ടാം പകുതിയിലെ ടോട്ടനത്തിന്റെ തിരിച്ചുവരവ്. ലുക്കാസ് മൗറയുടെ ഇരട്ടഗോളാണ് ടീമിനെ തിരിച്ചുവരവിന്റെ പാതയിലെത്തിച്ചത്.

55-ാം മിനിറ്റിലായിരുന്നു ആദ്യഗോൾ. ഡെലെ അലിയാണ് പാസ് നൽകിയത്. ഒന്നാന്തരമായിരുന്നു മൗറയുടെ ഫിനിഷ്. നാലു മിനിറ്റിനുള്ളിൽ ടോട്ടനം വീണ്ടും ഞെട്ടിച്ചു. ലോറെന്റിന്റെ ഒരു ക്ലോസ് റേഞ്ചിൽ നിന്നുള്ള ഷോട്ട് അവിശ്വാസനീയമായാണ് ഗോളി രക്ഷപ്പെടുത്തിയത്. എന്നാൽ, ഡിഫൻഡറുമായുള്ള ആശയക്കുഴപ്പത്തെ തുടർന്ന് നിലത്ത് വീണ് പന്ത് കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞില്ല. പന്ത് കിട്ടിയ മൗറ മൂന്ന് ഡിഫൻഡർമാരുടെ കാലുകൾക്കിടയിലൂടെ വലിയിലേയ്ക്കൊരു ബുള്ളറ്റ് പായിച്ചു. ടോട്ടനം ഒപ്പത്തിനൊപ്പം.

നല്ല പന്തടക്കവും ഭാവനയും ഒത്തൊരുമയുമുള്ള അയാക്സിന് തന്നെയായിരുന്നു മേൽക്കൈ. ഒട്ടും മടുപ്പിക്കുന്നതായിരുന്നില്ല അവരുടെ പൊസഷൻ ഗെയിം. ഓരോ തവണ പന്ത് കൈവശംവയ്ക്കുമ്പോഴും ഒരു ആക്രമണം മെനഞ്ഞെടുക്കാൻ അവർക്കു കഴിഞ്ഞു. ചടുലമായിരുന്നു പിന്നീടുള്ള ഓരോ നീക്കവും. ഇതിൽ ഇടയ്ക്ക് പകച്ചുപോയെങ്കിലും രണ്ടാം പകുതിയോടെ ടോട്ടനം തിരിച്ചുവന്നു. അയാക്സിന്റെ കരുത്തുറ്റ പ്രതിരോധത്തിലൂടെ അവർ പല തവണ പാഞ്ഞിറങ്ങി. കീപ്പർ ഒനാനയുടെ മിടുക്കാണ് അയാക്സിന്റെ ആയുസ്സ് നീട്ടിക്കൊടുത്തത്. എൺപത്തിയാറാം മിനിറ്റിൽ നിർഭാഗ്യമാണ് ടോട്ടനത്തിന് തിരിച്ചടിയായത്. അവരുടെ ഒരു പെനാൽറ്റി അപ്പീലും റഫറി ചെവിക്കൊണ്ടില്ല. എന്നാൽ, തൊണ്ണൂറ്റി ആറാം മിനിറ്റിൽ മൗറ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. അലിയാണ് വലതു പാർശ്വത്തിൽ നിന്ന് ബോക്സിലേയ്ക്ക് പന്ത് നൽകിയത്. ഡിലിറ്റിനെ പരാജയപ്പെടുത്തി മൗറ തൊടുത്ത ഗ്രൗണ്ടർ ഗോളിയെയും കബളിപ്പിച്ച് വലയിൽ കയറുന്നത് ഞെട്ടലോടെയാണ് യൊഹാൻ ക്രൈഫ് അരീന കണ്ടുനിന്നത്.

NO COMMENTS