അവര്‍ വടി ഉപയോഗിച്ച‌് എന്നെ മര്‍ദിച്ചു – മുഖത്ത‌് ചവിട്ടി – ഇന്ത്യയിലെ മുസ്ലിങ്ങള്‍ ജീവിക്കുന്നത‌് ഭയത്തോടെ – ഷൗക്കത്ത‌് അലിയെ മര്‍ദിച്ചതിനെ തുടർന്ന് ബിബിസിയുടെ റിപ്പോര്‍ട്ട‌്

206

“അവര്‍ വടി ഉപയോഗിച്ച‌് എന്നെ മര്‍ദിച്ചു. മുഖത്ത‌് ചവിട്ടി. ഇപ്പോള്‍ എനിക്ക‌് ജീവിക്കാന്‍ ഈ രാജ്യത്ത‌് യാതൊരു അവകാശവുമില്ല. എന്റെ വിശ്വാസത്തിനെതിരെയുള്ള ആക്രമണമായിരുന്നു അത‌്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ ജീവിക്കുന്നത‌് ഭയത്തോടെ – അസമിലെ വ്യാപാരിയായ ഷൗക്കത്ത‌് അലിയെ ആള്‍ക്കുട്ടം മര്‍ദിച്ചതിനെ തുടർന്ന് അന്താരാഷ‌്ട്ര മാധ്യമമായ ബിബിസിയുടെ റിപ്പോര്‍ട്ട‌്.

ഏതാനും വര്‍ഷമായി മുസ്ലിങ്ങള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ‌് രേഖപ്പെടുത്തിയിരിക്കുന്നത‌്. മോഡി ഭരണത്തില്‍ ഇന്ത്യന്‍ ജനാധിപത്യം അപകടകരമാംവണ്ണം അസഹിഷ്ണുത നിറഞ്ഞതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

അസമിലെ മുസ്ലിം വ്യാപാരിയായ ഷൗക്കത്ത‌് അലിയെ ആള്‍ക്കുട്ടം മര്‍ദിച്ചത‌് ചുണ്ടിക്കാട്ടിയാണ‌് റിപ്പോര്‍ട്ട‌് തുടങ്ങുന്നത‌്. ആ സംഭവം ഭീതിജനകമായിരുന്നുവെന്നും നിങ്ങള്‍ ബംഗ്ലാദേശിയാണോ‌, ബീഫ‌് വില്‍ക്കാറുണ്ടോയെന്നും ചോദിച്ചാണ‌് അവര്‍ ഷൗക്കത്തിനെ ആക്രമിച്ചത‌്. ആയാളെ അവിടെനിന്ന‌് രക്ഷപ്പെടുത്തുന്നതിന‌ുപകരം അവിടെയുള്ളവര്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.

എന്റെ വിശ്വാസത്തിനെതിരെയുള്ള ആക്രമണം – പതിറ്റാണ്ടുകളായി ഷൗക്കത്ത‌് അദ്ദേഹത്തിന്റെ ചെറിയകടയില്‍ പാകംചെയ‌്ത ബീഫ‌് വിറ്റിട്ടാണ‌് ഉപജീവനം നടത്തുന്നത‌്‌‌. ഒരു ആക്രമണവും ഇതിന്റെ പേരില്‍ നേരിടേണ്ടി വന്നിട്ടില്ല. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ബീഫ‌് വില്‍ക്കുന്നത‌് നിരോധിച്ചിട്ടുണ്ടെങ്കിലും അസമില്‍ നിരോധനമില്ല. ഷൗക്കത്തിനെ അവര്‍ ആക്രമിക്കുക മാത്രമല്ല ചെയ‌്തത‌്. അദ്ദേഹത്തെക്കൊണ്ട‌് അവര്‍ പന്നിയിറച്ചി തീറ്റിക്കുകയും ചെയ‌്തു. ഷൗക്കത്തിനെ സന്ദര്‍ശിച്ച ബിബിസി റിപ്പോര്‍ട്ടറോട‌് അദ്ദേഹം പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് ജോലി വേണ്ടെന്നുവയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് .

ഹ്യൂമന്‍ റൈറ്റ‌്സ‌് വാച്ച‌് 2019 ഫെബ്രുവരിയില്‍ പുറത്ത‌ുവിട്ട കണക്ക‌ുപ്രകാരം 2015 മെയ‌് മുതല്‍ 2018 ഡിസംബര്‍വരെ ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി 36 മുസ്ലിങ്ങളാണ‌് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത‌്. 20 സംസ്ഥാനത്തിലായി നടന്ന നൂറോളം ആക്രമണങ്ങളില്‍ 280 പേര്‍ക്ക‌് പരിക്കേറ്റു.

ഐക്യരാഷ‌്ട്ര സഭയുടെ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാഷ‌്ലെറ്റ‌് അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ദളിതുകള്‍ക്കെതിരെയും വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ ഉല്‍ക്കണ്‌ഠയുയര്‍ത്തുന്നുണ്ടെന്നും ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഠ‌്‌വയിലെ പീഡനം, മുഹമ്മദ് അഖ്‌ലാഖ് വധം, അസമില്‍ പൗരത്വ രജിസ്റ്റര്‍ ഇല്ലാത്ത മുസ്ലിങ്ങളെ രാജ്യത്തുനിന്ന് പുറത്താക്കുമെന്ന പ്രഖ്യാപനം തുടങ്ങിയ സംഭവങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട‌്. ബിബിസിയുടെ ലേഖിക രജിനി വൈദ്യനാഥനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

NO COMMENTS