കാസർകോട് ∙ ജനറൽ ആശുപത്രിയിൽ ചികിൽസക്കെത്തിയ ദലിത് യുവതിയെ ലോഡ്ജിൽ കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ആശുപത്രി ജീവനക്കാരടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദുമ ബാര കുണ്ടോളംപാറ സ്വദേശികളായ വി.കിഷോർ (29), കെ.എൻ.മഞ്ജുനാഥ് (34), ബാര മുക്കുന്നോത്തെ എം.കെ.അനിൽകുമാർ (32) എന്നിവരെയാണ് സിഐ: എ.അബ്ദുൽ റഹീമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. യുവതിയുമായി സഞ്ചരിച്ച ഓട്ടോ റിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനായ കിഷോറിന്റെ സുഹൃത്തുക്കളാണ് പിടിയിലായ മറ്റു രണ്ടു പേരെന്നു പൊലീസ് അറിയിച്ചു.
രാജപുരം പൂടംകല്ലിലെ ബന്ധുവീട്ടിൽ താമസിക്കുന്ന കർണാടക സ്വദേശിനിയായ 19 കാരിയെയാണ് നഗരത്തിലെ ലോഡ്ജിൽ വച്ച് ലൈംഗിക പീഡനത്തിനിരയായത്. വയറുവേദനയെ തുടർന്നു കഴിഞ്ഞ 23നാണ് യുവതിയെ ജനറൽ ആശുപത്രിയിൽ ചികിൽസക്കെത്തിയത്. പരിചയമില്ലാത്ത സ്ഥലമായതിനാൽ കിഷോറിനെ പരിചയപ്പെട്ട യുവതി സഹായം തേടുകയായിരുന്നു. പിന്നീട് വൈകിട്ടു തന്റെ ഓട്ടോയിൽ കയറ്റി കിഷോർ ആശുപത്രി കോംപൗണ്ടിൽ നിന്നു പുറത്തേക്കു കൊണ്ടുപോയി. പിന്നീട് മറ്റു രണ്ടു പേരും കൂടി ഇതേ റിക്ഷയിൽ കയറി ലോഡ്ജിലേക്കു പോയി.
അന്നു രാത്രി പീഡിപ്പിച്ച സംഘം പിറ്റേന്നു രാവിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലിറക്കിയതിനുശേഷം കടന്നുകളയുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴിയെന്ന് പൊലീസ് അറിയിച്ചു. 24നു വീണ്ടും ആശുപത്രിയിലെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വനിത പൊലീസെത്തി യുവതിയിൽനിന്നു മൊഴിയെടുക്കുകയും വൈദ്യപരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തു. പരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞു.
യുവതിയുടെ കൈവശമുണ്ടായിരുന്ന ആശുപത്രി ജീവനക്കാരന്റെ മൊബൈൽ നമ്പറാണ് പ്രതികളെ പിടികൂടാൻ പൊലീസിനു കഴിഞ്ഞത്. മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാക്കിയ യുവതിയെ പരവനടുക്കം മഹിളാ മന്ദിരത്തിലേക്ക് മാറ്റി. പ്രതികളെ കോടതിയിൽ ഹാജരാക്കി. കേസിന്റെ തുടരന്വേഷണം ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ നടക്കുമെന്ന് പൊലീസ് അറിയിച്ചു.