തിരുവനന്തപുരം : എലത്തൂര്‍ നിയോജക മണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിക്കുന്നതിനും വിദ്യാലയങ്ങളെ ആദരിക്കുന്നതിനുമായി നാളെ (ജൂണ്‍ 1) കക്കോടി പ്രിന്‍സ് ഓഡിറ്റോറിയത്തില്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ടോപ്പേര്‍സ് മീറ്റ് 2019 എന്ന പേരില്‍ അനുമോദന ചടങ്ങ് സംഘടിപ്പിക്കും.
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എപ്ലസ് നേടിയവരെയാണ് ചടങ്ങില്‍ ആദരിക്കുന്നത്. ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ സീറാം സാംബശിവ റാവു മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ മാമ്പറ്റ ശ്രീധരന്‍ അധ്യക്ഷനായിരിക്കും. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വ്വീസ് നേടിയ ശ്രീധന്യ സുരേഷ് വിശിഷ്ടാതിഥിയായിരിക്കും.
വൈകല്യങ്ങളോട് പൊരുതി മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ദേവിക സി.പി, അബോധാവസ്ഥയിലായ അച്ഛനെ ഉണര്‍ത്താന്‍ ഉറക്കെ വായിച്ച് എപ്ലസ് നേടിയ പി.ആര്‍ ആര്യാരാജ് തുടങ്ങിയവരെ ചടങ്ങില്‍ പ്രത്യേകം ആദരിക്കും. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ശോഭന, കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ചോയിക്കുട്ടി, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, കോഴിക്കോട് കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.