കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണം കടത്ത് – സ്വര്‍ണം കടത്തിയത‌് എങ്ങനെയെന്ന് സെറീനയുടെ വിശദാംശങ്ങള്‍ പുറത്ത്.

476

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴി കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണം കടത്തിയ കേസില്‍ സ്വര്‍ണം കടത്തിയത‌് എങ്ങനെയെന്ന് വ്യക്തമാക്കുന്ന സെറീനയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. തന്റെ ദുബൈയിലെ ബ്യൂട്ടി സലൂണില്‍ കോസ്മറ്റിക്‌സ് വിതരണം ചെയ്യുന്ന നദീം എന്ന പാക്കിസ്താന്‍കാരന്‍ വഴി പരിചയപ്പെട്ട ജിത്തുവാണ് സ്വര്‍ണകടത്തിലേക്ക് കൊണ്ടുവന്നതെന്നു സെറീന ഡിആര്‍ഐക്കു നല്‍കിയ മൊഴി പറയുന്നു.

ജിത്തു ആദ്യം ഫോണില്‍ വിളിച്ച്‌ സ്വര്‍ണകടത്തില്‍ സഹകരിക്കാന്‍ താല്‍പര്യമുണ്ടോയെന്നു ചോദിച്ചു. രണ്ടാഴ്ച്ചക്കു ശേഷം സലാവുദ്ദീന്‍ മെട്രോ സ്‌റ്റേഷനു സമീപം വെച്ച്‌ ജിത്തുവിനെ നേരില്‍ കണ്ടു. സ്വര്‍ണം കടത്തുന്നവരുടെ കൂടെ എസ്‌കോര്‍ട്ടായി വിമാനത്തില്‍ നാട്ടിലേക്കു പോവണമെന്നും അടിയന്തിര സാഹചര്യം വന്നാല്‍ സഹായിക്കണമെന്നും ജിത്തു പറഞ്ഞു. ഓരോ തവണ പോവുന്നതിനും വിമാനടിക്കറ്റിനു പുറമെ 2000 ദിര്‍ഹം കൂടി പ്രതിഫലമായി വാഗ്ദാനം ചെയ്തു. വിമാനത്താവളത്തില്‍ അടിയന്തിര സാഹചര്യം വന്നാല്‍ നിര്‍ദേശങ്ങള്‍ ഫോണിലൂടെ നല്‍കും. അപ്പോള്‍ ബാഗുമായി പോവണം. ഫോണ്‍ ഓഫ് ആവരുത്. സ്വര്‍ണംകടത്തുന്നവരുടെ വിവരങ്ങള്‍ പറയില്ല. 30 വയസു പ്രായം തോന്നിക്കുന്ന ജിത്തു ദുബൈയില്‍ എന്താണ് ചെയ്യുന്നത് എന്നറിയില്ല. ഓരോ യാത്രക്കു മുമ്ബും ജിത്തു ഫോട്ടോ എടുക്കുമായിരുന്നുവെന്നും മൊഴി പറയുന്നു.

ദുബൈ വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ വെച്ചാണ് മേയ് 12ന് 24 കിലോഗ്രാം സ്വര്‍ണമടങ്ങിയ മൂന്നു ബാഗുകള്‍ നല്‍കിയത്. ഒരു യാത്രക്കാരന്റെ കൂടെ പോവാന്‍ നിര്‍ദേശിച്ചു. ഇത്തവണ സ്വര്‍ണം കൂടുതലാണെന്നും അവസാന കടത്താണെന്നും ജിത്തു പറഞ്ഞു. യുഎഇയിലെ റോയല്‍ ജ്വല്ലറിയില്‍ നിന്ന് 24 കിലോഗ്രാം വാങ്ങിയതിന്റെ രേഖകളും നല്‍കി. ഇവ ദുബൈ കസ്റ്റംസ് പരിശോധിച്ചു അംഗീകാരം നല്‍കി. 24 കിലോഗ്രാമിന് പുറമെ ഒരു കിലോഗ്രാം സ്വര്‍ണം കൂടി ബാര്‍ രൂപത്തില്‍ ജിത്തു അധികമായി നല്‍കി. തന്റെയും ബിജുവിന്റെയുമാണ് ഈ സ്വര്‍ണമെന്നാണ് പറഞ്ഞത്.

ഒരു ബാഗ് സുനിലേട്ടന്‍ എന്നു വിളിക്കുന്ന യാത്രക്കാരന് നല്‍കി. ഒമാന്‍ എയര്‍ വിമാനം വഴി മസ്‌കറ്റില്‍ ഇറങ്ങി. സുനിലേട്ടന്റെ കൈയ്യിലുണ്ടായിരുന്ന സ്വര്‍ണമടങ്ങിയ ബാഗ് വാങ്ങി. അവിടെ ദുബൈയിലെ കസ്റ്റംസ് രേഖകള്‍ കാണിച്ചു അനുമതി നേടി. തിരുവനന്തപുരത്തേക്ക് വിമാനം കയറുന്നതിന് മുമ്ബ് സുനിലേട്ടന് ബാഗ് തിരികെ നല്‍കി. തിരുവനന്തപുരത്ത് എത്തിയപ്പോള്‍ സുനിലേട്ടന്‍ ഫോണില്‍ സംസാരിക്കുന്നത് കണ്ടു. എന്റെയടുത്ത് എത്തി എന്റെ ബാഗുകളും വാങ്ങി പോയി. പിന്നീടാണ് ഇയാള്‍ സുനില്‍കുമാര്‍ ആണെന്നു ബോധ്യപ്പെട്ടത്.

2018 നവംബറില്‍ നാട്ടുകാരനും അഭിഭാഷകനുമായ ബിജു വിളിക്കുകയും സ്വര്‍ണക്കടത്തില്‍ സഹകരിക്കാന്‍ താല്‍പര്യമുണ്ടോ എന്നു ചോദിക്കുകയും ചെയ്തിരുന്നതായി മൊഴി പറയുന്നു. പിന്നീട് നാട്ടില്‍ നിന്നു വിഷ്ണു എന്നയാള്‍ വിളിച്ചു. തുടര്‍ന്ന് 18—12—2018ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനടിക്കറ്റ് അയച്ചു തന്നു. തുടര്‍ന്ന് എട്ടു തവണ സ്വര്‍ണകടത്തിന് സഹായിക്കാന്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തു. ദുബൈ വിമാനത്താവളത്തില്‍ വെച്ച്‌ ഒരിക്കല്‍ വിഷ്ണുവിനെയും ജിത്തുവിനെയും ഒരുമിച്ചു കണ്ടു. അപ്പോഴാണ് ഇവരെല്ലം ഒരു സംഘമാണെന്നു മനസിലായത്.

വിഷ്ണുവാണ് സ്വര്‍ണം കടത്തുന്നവരുടെ ടിക്കറ്റ്, വിസ, പ്രതിഫലം തുടങ്ങിയ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. അഡ്വ. ബിജുവിന്റെ ഭാര്യ വിനീത, ചിത്ര, ഉമാദേവി, സിന്ധു, അബൂബക്കര്‍, ഷാജഹാന്‍, പ്രകാശന്‍ തമ്ബി, സംഗീത, വിഷ്ണു സോമസുന്ദരം, ജിത്തു എന്നിവരാണ് സ്വര്‍ണകടത്തിയിരുന്നത്. വിമാനത്താവളത്തിലെ കസ്റ്റംസ് വകുപ്പിലെ എക്‌സ്‌റേയുടെ അടുത്തുണ്ടാവുന്ന ഒരു ഉദ്യോഗസ്ഥന് ഇതില്‍ പങ്കുള്ളതായി വിഷ്ണു പറഞ്ഞിട്ടുണ്ട്. വിനീതയുടെ കൂടെ കൊളംബോ വഴി തിരുവനന്തപുരത്തേക്ക് പോയിട്ടുണ്ട്. അന്ന് വിനീതയുടെ കൈവശം സ്വര്‍ണ്ണമുണ്ടായിരുന്നു. മലപ്പുറം സ്വദേശിയായ ഹക്കീം എന്നയാള്‍ക്കു വേണ്ടിയാണ് സ്വര്‍ണം കടത്തുന്നത്. ഏഴെട്ടുതവണ താന്‍ 50 കിലോഗ്രാം സ്വര്‍ണം കടത്തിയതായും സെറീനയുടെ മൊഴി പറയുന്നു

NO COMMENTS