സൗജന്യ യൂണിഫോം പദ്ധതി – വിതരണം അവസാന ഘട്ടത്തില്‍ ജില്ലയിലെ 47611 കുട്ടികള്‍ക്ക് യൂണിഫോം ലഭിക്കും

195

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സൗജന്യ യൂണിഫോം പദ്ധതിയുടെ വിതരണം അവസാനഘട്ടത്തില്‍. യൂണിഫോം വിതരണം ജില്ലയില്‍ 75.98 ശതമാനം പൂര്‍ത്തിയായി. കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ഹാന്റ് വീവിനും എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഹാന്‍ടെക്സിനുമാണ് യൂണിഫോം വിതരണത്തിന്റെ ചുമതല.

ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ 47611 വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ 8.5 ലക്ഷം വിദ്യാര്‍ഥികള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഒന്ന് മുതല്‍ ഏഴ് വരെയുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും ഒന്ന് മുതല്‍ നാല് വരെയുള്ള എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും രണ്ട് വീതം യൂണിഫോമാണ് സൗജന്യമായി ലഭ്യമാക്കുന്നത്.

ജില്ലയിലെ 185 ഗവ. യു പി സ്‌കൂളുകളിലെയും 366 എയ്ഡഡ് എല്‍ പി സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്കാണ് യൂണിഫോം വിതരണം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് യൂണിഫോം ലഭ്യമാക്കിയിരുന്നത്. ഈ വര്‍ഷം ഇത് എയ്ഡഡ് സ്‌കൂളുകളിലേക്കും വ്യാപിപിക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പും വ്യവസായ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 2.12 ലക്ഷം മീറ്റര്‍ തുണിയാണ് യൂണിഫോം വിതരണം ചെയ്യുന്നതിനായി ജില്ലയില്‍ ആവശ്യമായി വരുന്നത്.

പദ്ധതിയിലൂടെ കൈത്തറി തൊഴിലാളി മേഖലയ്ക്ക് വലിയ ഉണര്‍വാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷത്തെ പദ്ധതി കാലയളവില്‍ മാത്രം ജില്ലാ വ്യവസായ കേന്ദ്രം വഴി 34 കൈത്തറി സഹകരണ സംഘങ്ങള്‍ക്കായി 8.25 കോടി രൂപയും ഹാന്റ് വീവ് വഴി ആയിരത്തിവധികം വ്യക്തിഗത തൊഴിലാളികള്‍ക്കായി 4.38 കോടി രൂപയുമാണ് ഇതിനോടകം കൂലിയിനത്തില്‍ വിതരണം ചെയ്തിട്ടുള്ളത്. മാത്രമല്ല, യൂണിഫോം തുണി നിര്‍മ്മിക്കുന്നതിനുള്ള നൂലുകള്‍ കേരളത്തിലെ സ്പിന്നിംഗ് മില്ലുകളില്‍ നിന്ന് ശേഖരിച്ച് സൗജന്യമായാണ് കൈത്തറി മേഖലയിലെ തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ ലഭ്യമാക്കിയത്.

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 34 സഹകരണ സംഘങ്ങളും ഹാന്റ്വീവിന്റെ നേതൃത്വത്തില്‍ ആയിരത്തിലധികം വ്യക്തിഗത തൊഴിലാളികളുമാണ് യൂണിഫോം തുണി ഉല്‍പ്പാദിപ്പിച്ചത്. ജില്ലയിലെ 12 ഓളം ക്യാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്പെക്ടര്‍മാര്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയതിന് ശേഷമാണ് തൊഴിലാളികളില്‍ നിന്നും യൂണിഫോം ശേഖരിക്കുന്നത്.

മേഖലയിലെ കഷ്ടതകള്‍ വലിയ ഒരളുവരെ പരിഹരിക്കാന്‍ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും തൊഴിലാളികളുടെ കൂലി നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിക്കുന്നതിനാല്‍ ഇടനിലക്കാര്‍ കൊയ്യുന്ന ലാഭം കൂടി തൊഴിലാളികളിലേക്കെത്തിക്കാന്‍ സാധിക്കുന്നുണ്ടെന്നും ജില്ലാ വ്യവസായ കേന്ദ്രം ടെക്സ്‌റ്റൈല്‍ അസിസ്റ്റന്റ് കെ വി ജയരാജന്‍ പറഞ്ഞു. നേരത്തെ ആവശ്യക്കാരെ കണ്ടെത്തുന്നത് മുതല്‍ വിതരണം ചെയ്യുന്നത് വരെയുള്ള ചുമതലകള്‍ ഇടനിലക്കാര്‍ മുഖേനെയോ അല്ലെങ്കില്‍ സംഘങ്ങള്‍ നേരിട്ടോ ആണ് ചെയ്തിരുന്നത്.

വിദ്യാഭ്യാസ വകുപ്പ് വഴി നേരിട്ട് ആവശ്യമായ ഓര്‍ഡര്‍ നല്‍കുകയും കൈത്തറി ആന്റ് ടെക്സ്റ്റൈല്‍ ഡയറക്ടറേറ്റ് മുഖേനെ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ മേഖലയിലെ ജോലി സ്ഥിരത ഉറപ്പുവരുത്താനും പദ്ധതിയിലൂടെ സാധിച്ചു. നിരവധിപ്പേര്‍ പുതുതായി കൈത്തറി നെയ്ത്ത് രംഗത്തേക്ക് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS