തിരുവനന്തപുരം : വരുന്ന ഒക്ടോബർ രണ്ടിനകം വൃത്തിയുള്ള ഒരു ഇന്ത്യ സൃഷ്ടിക്കാൻ നമുക്ക് കഴിഞ്ഞാൽ അത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോടുള്ള ഏറ്റവും മഹത്തായ ആദരമായിരിക്കുമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. ആക്കുളം ദക്ഷിണ വ്യോമ കമാൻഡ് ആസ്ഥാനത്ത് ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചുള്ള ‘ഗോ ഗ്രീൻ ഇൻഷ്യേറ്റീവ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ.
താൻ ഗവർണറായി ചുമതലയേറ്റ ശേഷം രാജ്ഭവനിൽ മിനറൽ വാട്ടർ ഒഴിവാക്കി ഫിൽറ്ററുകൾ സ്ഥാപിക്കുകയും പേപ്പർ ഗ്ലാസ്സിനു പകരം ഓരോ ജീവനക്കാർക്കും വെവ്വേറെ സ്റ്റീൽ ഗ്ലാസ്സുകൾ നൽകിയും രാജ്ഭവൻ പരിസ്ഥിതി സൗഹൃദമാക്കിയതായി അദ്ദേഹം പറഞ്ഞു. ഇത് മറ്റ് സർക്കാർ ഓഫീസുകൾക്കും അനുകരിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യോമ കമാൻഡ് ആസ്ഥാനത്ത് വൃക്ഷത്തൈ നട്ട ഗവർണർ ഗോ ഗ്രീൻ മാന്വൽ പ്രകാശനവും നിർവഹിച്ചു. മേയർ വി.കെ. പ്രശാന്ത്, എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ്, എയർമാർഷൽ വി. സുരേഷ്, എയർമാർഷൽ ചന്ദ്രശേഖർ, എയർഫോഴ്സ് വൈഫ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് രാധാ സുരേഷ് എന്നിവർ പങ്കെടുത്തു.