ഓണത്തിരക്ക് പരമാവധി മുതലാക്കാൻ കേരള ആർടിസിക്ക് മുന്‍പേ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ച് കർണാടകം

195

ബാംഗലൂരു: ഓണത്തിരക്ക് പരമാവധി മുതലാക്കാൻ കേരള ആർടിസിക്ക് മുന്‍പേ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ച് കർണാടകം. പ്രഖ്യാപിച്ച പത്തൊന്‍പത് സ്പെഷ്യൽ ബസുകളിൽ നാലെണ്ണത്തിലെ ടിക്കറ്റ് പൂർണമായും വിറ്റുപോയി. അതേ സമയം തീരുമാനിച്ച ഏഴ് സ്പെഷ്യൽ ബസുകളിൽ ഒന്നിൽ പോലും കേരള ആർടിസി ബുക്കിങ് തുടങ്ങിയിട്ടില്ല.
ഓണാവധി മുന്നിൽ കണ്ട് എറണാകുളത്തേക്കും കോഴിക്കോടേക്കും നാല് വീതവും തൃശ്ശൂർ കണ്ണൂർ എന്നിവിടങ്ങളിലേക്ക് മൂന്ന് വീതവും മൂന്നാറിലേക്ക് ഒന്നും കോട്ടയത്തേക്കും പാലക്കാടേക്കും രണ്ട് വീതവും സ്പെഷ്യൽ ബസുകളാണ് കർണാടക ആർടിസി പ്രഖ്യാപിച്ചത്.
ഇതിൽ നാല് ബസുകളിലെ സീറ്റുകൾ മണിക്കൂറുകൾക്കുള്ളിൽ തന്നെ പൂർണമായും വിറ്റുപോയി. ഓണത്തിന് നാട്ടിൽ പോകുന്നവരുടെ തിരക്ക് തുടങ്ങുന്ന അടുത്ത മാസം ഒന്‍പത് മുതൽ കേരളത്തിലേക്കുള്ള കർണാടക ആർടിസിയുടെ പതിവ് ബസുകളുടെ ടിക്കറ്റുകളും ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്.
അതേ സമയം കേരള ആർടിസി പത്തൊന്‍പത് ബസുകൾ ഉണ്ടാകുമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീടത് പതിനഞ്ചാക്കി കുറച്ചു.. നിലവിൽ ഏഴ് ബസുകളുടെ റൂട്ടുകളിൽ മാത്രമാണ് തീരുമാനമായിട്ടുള്ളത്.. ഈ ബസുകളുടെ ബുക്കിങ് എന്ന് തുടങ്ങുമെന്ന കാര്യത്തിലും ഇതുവരെ കേരള ആർടിസി അധികൃതർക്ക് വ്യക്തമായ ഉത്തരമില്ല.
കർണാടക ആർടിസി എറണാകുളത്തേക്കും തൃശ്ശൂരേക്കും കോട്ടയത്തേക്കും സേലം വഴി പോകുമ്പോള്‍ കേരളത്തിന്‍റെ ബസുകൾ മൈസൂർ വഴിയാണ്. കേരള ആർടിസിയുടെ ഈ മെല്ലെപ്പോക്ക് കാരണം ഇക്കുറിയും ഓണത്തിരക്കിൽ നിന്നുള്ള വരുമാനത്തിന്‍റെ ഭൂരിഭാഗവും കർണാടക ആർടിസിയും സ്വകാര്യബസുകളും കൊണ്ടുപോകുമെന്ന് ഉറപ്പാണ്.

NO COMMENTS

LEAVE A REPLY