കാസര്‍കോട് : ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെയും കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് കന്നഡ പോസ്റ്റ് ഗ്രാജുവേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വിഷയാവതരണം സംഘടിപ്പിച്ചു.
കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ സംഘടിപ്പിച്ച പരിപാടി കേരള തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് എം സാലിയാന്‍ ഉദ്ഘാടനം ചെയ്തു. വായനയിലൂടെ ലഭിക്കുന്ന ഉണര്‍വ്വ് സമൂഹത്തിന്റെ ഒത്തുചേരലിന് അനിവാര്യമാണെന്നും മറ്റു മാധ്യമങ്ങളിലൂടെ ലഭ്യമാകാത്ത അനുഭവമാണ് വായന സമ്മാനിക്കുന്നതെന്നും ഉമേഷ് സാലിയാന്‍ പറഞ്ഞു.
ആഗോളകൃതികള്‍ക്കൊപ്പം പ്രാദേശിക സാഹിത്യങ്ങളും വായിക്കുന്നത് നാടിന്റെ ധ്വനി മനസ്സിലാക്കുന്നതിന് സഹായിക്കും. വായന മനുഷ്യബന്ധത്തെ ദൃഢമാക്കുമെന്നതിനുള്ള ഉത്തമോദാഹരണമാണ് കയ്യാര്‍ കിഞ്ഞണ്ണ റൈയും നിരഞ്ജനയും തമ്മിലുള്ള ആത്മബന്ധത്തിലൂടെ നമുക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനയുടെ മഹത്വം എന്ന വിഷയത്തില്‍ കവി രാധാകൃഷ്ണന്‍ ഉളിയത്തടുക്ക വിഷയാവതരണം നടത്തി. കന്നഡ വിഭാഗം മേധാവി എസ് സുജാത അധ്യക്ഷയായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, കണ്ണൂര്‍ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പര്‍ കെ വിജയന്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് കെ വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ.ബാലകൃഷ്ണ ഹൊസങ്കടി സ്വാഗതവും ഡോ.രത്നാകര മല്ലമൂലെ നന്ദിയും പറഞ്ഞു.