മുംബൈ: മുംബൈയില്‍ മഴയെത്തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ 21 പേര് മരിച്ചു. കനത്ത മഴ തുടരുന്ന സാഹചരത്തില്‍ മുംബൈയില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പൂനയില്‍ കോളജിന്റെ ചുറ്റമതിലിടിഞ്ഞു വീണ് ആറ് പേരാണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു. അംബെഗാവിലെ സിന്‍ഗാദ് കോളജിന്റെ മതിലാണ് തകര്‍ന്നത്. കല്യാണില്‍ സ്കൂള്‍ മതില് തകര്‍ന്ന് മൂന്നു പേര് മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മലാദ് പ്രദേശത്ത് മതിലിടിഞ്ഞു വീണ് 12 പേര് മരിച്ചു. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
കനത്ത മഴയെ തുടര്‍ന്ന് റെയില്‍, റോഡ്, വ്യോമ ഗതാഗതങ്ങളും താറുമാറായി. റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിലെ പ്രധാന റണ്‍വേ അടച്ചു. മുംബൈയില്‍ നിന്നുള്ള 54 വിമാനങ്ങളാണ് റദ്ദാക്കിയത്. മുംബൈ ഛത്രപതി ശിവജി വിമാനത്താവള അധികൃതരാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്.